തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കളക്ടര്‍മാരുടെയും വകുപ്പുതലവന്‍മാരുടേയും വാര്‍ഷിക യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി.

സാധാരണ യോഗത്തിന്റെ തുടക്കത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ പോകാറാണ് പതിവ്. ഇന്നലെയും യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ എത്തുകയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.


Dont Miss ഐഎസ് ബന്ധം; രണ്ട് പേര്‍ കൂടി തലശ്ശേരിയില്‍ അറസ്റ്റില്‍; അറസ്റ്റിലായത് മുഖ്യസൂത്രധാരകന്‍ ബിരിയാണി ഹംസ ഉള്‍പ്പെടെയെന്ന് പൊലീസ്


ഇന്ന് ദൃശ്യങ്ങള്‍ പകര്‍ത്താനായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ തോമസ് ചാണ്ടി വിഷയത്തിലും കോടിയേരിയുടെ കാര്‍ വിവാദത്തിലും മുഖ്യമന്ത്രിയോട് പ്രതികരണമാരാനായി നില്‍ക്കുകയായിരുന്നു.

എന്നാല്‍ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സ്റ്റാഫുകള്‍ യോഗസ്ഥലത്ത് എത്തുകയും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ നിന്നും പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി നില്‍ക്കാതെ മാധ്യമപ്രവര്‍ത്തകര്‍ അവിടെ നിന്നും ഇറങ്ങി.

അതേസമയം നേരത്തെ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയും വി.എസ് അച്യുതാനന്ദുമെല്ലാം അധികാരത്തിലിരിക്കെ അവര്‍ പങ്കെടുത്ത കളക്ടര്‍മാരുടെ യോഗത്തില്‍ അവരുടെ ആമുഖ പ്രസംഗം മാധ്യമങ്ങളിലൂടെ കാണിക്കാറുണ്ടായിരുന്നെന്നും അതിന് വിലക്ക് ഇല്ലായിരുന്നെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.