കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വെല്ലുവിളി സ്വീകരിച്ച് തിരുകേശം കത്തിച്ച് അതിന്റെ പ്രത്യേകത ബോധ്യപ്പെടുത്താന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തയ്യറാവണമെന്ന് ഇ.കെ വിഭാഗം സുന്നികള്‍ ആവശ്യപ്പെട്ടു. മതത്തിന് പുറത്തുള്ളവര്‍ ഇസ്ലാമികാചാരങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും ഇവര്‍ വ്യക്തമാക്കി.

മതത്തിന് പുറത്തുള്ളവര്‍ക്കും മാന്യമായ മത വിമര്‍ശനമാവാം. ഇത് പാടില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവനയാണ്  വര്‍ഗീയതക്ക് കാരണമാകുക. തിരുകേശം കത്തിച്ചാല്‍ കത്തില്ലെന്നും എന്നാല്‍ തങ്ങള്‍ അതിന് തയ്യാറെല്ലെന്നുമുള്ള കാന്തപുരത്തിന്റെ വാദമാണ് പിണറായിയുടെ പ്രസ്താവനക്ക് കാരണമായത്. തിരുകേശം കത്തിച്ച് അത് കത്തില്ലെന്ന് പിണറായി ഉള്‍പ്പെടയുള്ള പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കാന്തപുരത്തിന് ധാര്‍മിക ബാധ്യതയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

പിണറായിയെപോലെ മത വിശ്വാസികളല്ലാത്ത സമൂഹത്തിലെ ഉന്നതരായ വ്യക്തത്വങ്ങള്‍ക്ക് പോലും പ്രവാചകനെ വിമര്‍ശിക്കാന്‍ അവസരം നല്‍കുകയാണ് കാന്തപുരം ചെയ്തത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വസ്തു സമൂഹമധ്യത്തില്‍ കൊണ്ടു വന്ന് അത് തിരുകേശമാണെന്ന് അവകാശപ്പെടുക വഴി ഇസ്ലാമിന്റെ വിശ്വാസ്യത ഇല്ലാതാക്കാനാണ് കാന്തപുരം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

പ്രവാചക കേശമുള്‍പ്പെടെ ഏത് മുടിയും കത്തുമെന്ന ഭൗതികവാദിയായ പിണറായിയുടെ അഭിപ്രായം ശരിയല്ല. പ്രവാചക കേശമാണെങ്കില്‍ കത്തില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാന്തപുരത്തിന്റെ കൈവശമുണ്ടന്ന് അവകാശപ്പെടുന്ന കേശം കത്തിച്ച് പരീക്ഷണത്തിന് വിധേയമാക്കി പ്രവാചകന്റെ അമാനുഷികത ബോധ്യപ്പെടുത്താന്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്താന്‍ കാന്തപുരം തയ്യാറാവണമെന്നും ഇ.കെ വിഭാഗം ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ സുന്നി യുവജന സംഘം സെക്രട്ടറിമാരായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും പങ്കെടുത്തു.

ഏത് മുടിയും കത്തുമെന്ന് പിണറായി; മതകാര്യത്തില്‍ ഇടപെടേണ്ടെന്ന് കാന്തപുരം