Categories

കോണ്‍ഗ്രസ് മനുഷ്യത്വം കാണിക്കണം: പിണറായി

pinarayi vijayanതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പിടിവാശി ഉപേക്ഷിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനങ്ങളെ അപമാനിക്കലാണ്. ദുര്‍വാശിയും ദുരഭിമാനവും വെടിഞ്ഞ് എല്ലാവരും കേരളത്തിന്റെ പൊതു വികാരത്തിനൊപ്പം നില്‍ക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരേയാണ് ഇടതുമുന്നണി കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടെങ്കിലും അനുകൂലമായ നിലപാടല്ല അദ്ദേഹം കൈക്കൊണ്ടത്. പഠനം നടത്തണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 16 പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം എന്‍ഡോസള്‍ഫാന്റെ അപകടം വ്യക്തമാക്കുന്നതായിരുന്നു. മുലപ്പാലിലും രക്തത്തിലും എന്‍ഡോസള്‍ഫാന്റെ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാരകമായ ജനിതക വൈകല്യം ബാധിച്ച കുഞ്ഞുങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഇതെല്ലാം വ്യക്തമായ തെൡാണ്. കണ്ണുകളെ ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങളൊന്നും മന്‍മോഹന് മതിയാവുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. ഇതിനെതിരെയാണ് ഇന്നത്തെ ഹര്‍ത്താല്‍.

ഇത് ഇടതുമുന്നണിയുടെ മാത്രം പ്രശ്‌നമല്ല. എല്ലാ കേരളീയന്റെയും പ്രശ്‌നമാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്. കേരളത്തിന്റെ പരിച്ഛേദമാണ് മുഖ്യമന്ത്രിയുടെ സമരപ്പന്തലില്‍ കണ്ടത്. വിവിധ രാഷ്ട്രീയക്കാരും മതനേതൃത്വങ്ങളും സാംസ്‌കാരിക രംഗത്തുള്ളവരും അവിടെ പിന്തുണയുമായെത്തി. അതുകൊണ്ട് തന്നെയാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തപ്പോള്‍ എല്ലാവരും സഹകരിച്ചത്.

യു.ഡി.എഫിലെയും കോണ്‍ഗ്രസിലെ പല നേതാക്കളും ഈ സമരത്തോട് സഹകരിച്ചിട്ടുണ്ട്. അവരില്‍ പലരും ഈ വിഷയം സമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദുര്‍വ്വാശി വെടിഞ്ഞ് കേരളത്തിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് നാടിന്റെ പ്രശ്‌നം ഏറ്റെടുക്കേണ്ട സമയമാണിത്. മനുഷ്യനെ കൊലക്കുകൊടുക്കുന്ന എന്‍ഡോസള്‍ഫാന്‍ പോലുള്ള വിഷയങ്ങളിലെങ്കിലും സഹകരിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമാകണം. അത്രയെങ്കിലും മനുഷ്യത്വം കാണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.