തിരുവനന്തപുരം: ലിംഗപരമായ അസമത്വങ്ങളെ അതിജീവിച്ച്, ധൈര്യവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളില്‍ സ്ത്രീകള്‍ മികവ് പുലര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Subscribe Us:

കരളത്തിന്റെ മനുഷ്യാദ്ധ്വാനശേഷിയുടെ പകുതിയില്‍ അധികവും സ്ത്രീകളുടേതാണ്. അത് കൊണ്ട് തന്നെ തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീസൗഹാര്‍ദ്ദപരവും തൊഴില്‍ നിയമങ്ങള്‍ സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതുമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും പിണറായി പറയുന്നു. വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

തൊഴിലിടങ്ങളിലും ഗാര്‍ഹികജീവിതത്തിലും അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനകള്‍ ലഭിക്കേണ്ടതുണ്ടെന്നും പുരുഷനൊപ്പം അഭിമാനത്തോടെയും ആര്‍ജ്ജവത്തോടെയും അദ്ധ്വാനിച്ചു മുന്നേറാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊതുസമൂഹമെന്ന നിലയില്‍ നമ്മുടെ ലക്ഷ്യമെന്നും പിണറായി പറയുന്നു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘മാറുന്ന തൊഴില്‍ ലോകത്തെ സ്ത്രീ’ എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ വനിതാദിന പ്രമേയം. 2030ഓടെ സമസ്ത മേഖലകളിലും സ്ത്രീപുരുഷ സമത്വം കൈവരിക്കാനാവുമെന്നാണ് ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നത്.

കേരളത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളിലും ആര്‍ജിച്ച സാമൂഹ്യ സാംസ്‌കാരിക പുരോഗതിയിലും സ്ത്രീകള്‍ വഹിച്ച പങ്കു വലുതാണ്.

സ്ത്രീകള്‍ കടന്നു ചെല്ലാത്ത മേഖലകള്‍ തീരെയില്ല എന്ന് തന്നെ പറയാം. കേരളത്തിന്റെ മനുഷ്യാദ്ധ്വാനശേഷിയുടെ പകുതിയില്‍ അധികവും സ്ത്രീകളുടേതാണ്. അത് കൊണ്ട് തന്നെ തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീസൗഹാര്‍ദ്ദപരവും തൊഴില്‍ നിയമങ്ങള്‍ സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതുമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.

സ്ത്രീസമത്വ സൂചകങ്ങള്‍ പ്രകാരം കേരളം വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. കേരളത്തിലെ കുറഞ്ഞ മാതൃശിശുമരണ നിരക്കും ഉയര്‍ന്ന സ്ത്രീസാക്ഷരതയും മെച്ചപ്പെട്ട സ്ത്രീപുരുഷാനുപാതവും നിലവാരം പുലര്‍ത്തുന്ന ഭൗതിക സാഹചര്യങ്ങളും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് ഇനിയും ഉയര്‍ന്ന പരിഗണന നല്‍കും.

ലിംഗപരമായ അസമത്വങ്ങളെ അതിജീവിച്ച്, ധൈര്യവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളില്‍ സ്ത്രീകള്‍ മികവ് പുലര്‍ത്തുന്നു.

ഇപ്രകാരം ലോകത്തിന്റെ തന്നെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പങ്കാളികളായ വനിതകളെ ഈ അന്താരാഷ്ട്ര വനിതാദിനത്തില്‍ നമുക്ക് അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യാം. അതോടൊപ്പം തന്നെ തൊഴിലിടങ്ങളിലും ഗാര്‍ഹികജീവിതത്തിലും അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്നവരെയും പരിഗണിക്കേണ്ടതുണ്ട്.പുരുഷനൊപ്പം അഭിമാനത്തോടെയും ആര്‍ജ്ജവത്തോടെയും അദ്ധ്വാനിച്ചു മുന്നേറാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊതുസമൂഹമെന്ന നിലയില്‍ നമ്മുടെ ലക്ഷ്യം. ഏവര്‍ക്കും വനിതാദിനാശംസകള്‍.