Categories

കോടതി വിധി സി.പി.ഐ.എമ്മിനെ പൂര്‍ണമായി കുറ്റവിമുക്തമാക്കി: പിണറായി

Pinarayi

തിരുവനന്തപുരം: ##ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ കോടതി വിധി സി.പി.ഐ.എമ്മിനെ പൂര്‍ണമായി കുറ്റവിമുക്തമാക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ##പിണറായി വിജയന്‍.

ടി.പി കൊലചെയ്യപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ.എം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്നും പറഞ്ഞിരുന്നു.

ടി.പി കേസില്‍ പാര്‍ട്ടിയുടെ പ്രധാന സഖാവായ മോഹനന്‍മാഷെ കാണിച്ചായിരുന്നു സി.പി.ഐ.എമ്മിനെ പലരും ഈ കേസില്‍ പ്രതിയാക്കിയത്.

എന്നാല്‍ മോഹനന്‍മാഷ് കുറ്റക്കാരനല്ലെന്ന് കണ്ട് ഇപ്പോള്‍ കോടതി വെറുതെ വിട്ടു. അതുപോലെ പാര്‍ട്ടിയുടെ പ്രധാന സഖാക്കളായ ധനജ്ഞയനേയും കെ.കെ രവീന്ദ്രനേയും വെറുതെ വിട്ടു.

ഇതിലൂടെ സി.പി.ഐ.എമ്മിനെതിരായി കോണ്‍ഗ്രസ് നടത്തിയ അതിനീചമായ ആരോപണമാണ് തകര്‍ന്നിരിക്കുന്നത്. കോടതി സി.പി.ഐ.എമ്മിനെ പൂര്‍ണമായി കേസില്‍ നിന്നും കുറ്റവിമുക്തനാക്കി.

ഇതില്‍ പി.കെ കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടത് അപലപനീയമാണ്. അതില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പിന്നീട് തീരുമാനിക്കും. കോടതി വിധിയെ എതിര്‍ക്കുന്നില്ല.

അന്വേഷണത്തില്‍ പോലീസ് സംഘം ഉത്തരവാദികളെ കണ്ടെത്തി. അന്നത്തെ കേസ് അന്വേഷിച്ച ഡി.ജി.പിക്ക് തന്നെ പറഞ്ഞിരുന്നു ഇത് വ്യക്തിപരമായി നടപ്പാക്കിയ വധമാണ്. അല്ലാതെ ഇതില്‍ രാഷ്ട്രീയ കാരണങ്ങളില്ല എന്ന്.

എന്നാല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ അന്വേഷണം തുടരുമെന്ന് പറഞ്ഞ് സി.പി.ഐ.എമ്മിനെ മനപൂര്‍വം കേസിലെ ഗൂഡാലോചകരാക്കി. ഇതിന്റെ ഭാഗമായി കേസ് ചാര്‍ജ് ചെയ്ത് 76 പേരെ പ്രതികളാക്കി.

അവരില്‍ വിചാരണ നടന്നപ്പോള്‍ കുറ്റപത്രം വായിക്കുന്ന ഘട്ടത്തില്‍ തന്നെ കോടതി 2 പേരെ ഒഴിവാക്കി. തുടര്‍ന്ന് സി.പി.ഐ.എം നേതാവായ കെ.കെ രാഗേഷ് ഉള്‍പ്പെടെ 15 പേര്‍ നല്‍കിയ ഹരജിയുടെ മേല്‍ ഹൈക്കോടതി സ്‌റ്റേ നല്‍കി.

പിന്നെ വിചാരണ നടന്നപ്പോള്‍ തെളിവില്ലെന്ന് പറഞ്ഞ് കാരായി രാജന്‍ ഉള്‍പ്പെടെ 20 പേരെ ഒഴിവാക്കി.76 പേരില്‍ ഇത്തരത്തില്‍ ഓരോ ഘട്ടത്തിലും പലരും ഒഴിവായി.

36 പ്രതികളാണ് ഇപ്പോള്‍ ഉണ്ടായിരുന്നത്. അതില്‍ 12 പേര്‍ക്കെതിരെയാണ് കുറ്റം തെളിഞ്ഞിരിക്കുന്നത്. ബാക്കിയുള്ള 24 പേരെ വെറുതെ വിടുകയും ചെയ്യുകയാണ് ഉണ്ടായത്.

പാര്‍ട്ടിക്ക് കേസുമായി ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയു ആഭ്യന്തരമന്ത്രിയും ഇടപെട്ടാണ് സി.പി.ഐ.എമ്മിനെ കേസിന്റെ ഭാഗമാക്കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, വിധിയുടെ പൂര്‍ണ രൂപം വന്നിട്ട് പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച് പാര്‍ട്ടി ആലോചിക്കുമെന്നും വി.എസ് പറഞ്ഞു.