കൊച്ചി: കൊച്ചിയില്‍ നടിയ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളെ പിടികൂടിയ പൊലീസിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊലീസിന്റേത് അഭിനന്ദനാര്‍ഹമായ നടപടിയാണെന്നും പിണറായി പറഞ്ഞു. കോടതിമുറിയില്‍ കയറി അറസ്റ്റ് ചെയ്തത് ചിലരുടെ താത്പര്യപ്രകാരമാണ് എന്ന് വിമര്‍ശനം ഉണ്ടല്ലോ എന്ന ചോദ്യത്തിന് അതെ..അതെ..അത് ആരുടെ താത്പര്യപ്രകാരമാണ് എന്ന് ഇനി നോക്കിയാല്‍ മതിയെന്നുമായിരുന്നു പിണറായിയുടെ പരിഹാസം.

മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് പിടികൂടുകയായിരുന്നില്ല പൊലീസിന് കിട്ടുകയായിരുന്നെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

സുനിയെ പിടിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി. എങ്കിലും കഴിഞ്ഞ അഞ്ച് ആറ് ദിവസമായി പ്രതി എറണാകുളത്ത് ഉണ്ടായിട്ടും അയാളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നാണ് അറിയുന്നത്. പോലീസിന്റെ കുറ്റാന്വേഷണത്തിലുണ്ടായ പിഴവ് തന്നെയാണ് ഇന്നത്തെ സംഭവം വ്യക്തമാക്കുന്നത്. എറണാകുളം നഗരത്തിലൂടെ തന്നെ പ്രതി കോടതിയില്‍ കീഴടങ്ങിയത് പൊലീസിന്റെ ഭാഗത്തെ അശ്രദ്ധയാണ്. ഇത്തരത്തില്‍ വലിയ ജാഗ്രത കുറവ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമാണ്.

പ്രതിയെ കോടതിയില്‍ കയറി പിടിക്കാനായത് ഒരിക്കലും അഭിമാനകരമായ കാര്യമല്ല. എങ്കിലും പ്രതിയെ കിട്ടി എന്നത് ആശ്വാസകരമാണ്. കേസില്‍ ചുരുളഴിയാനുള്ള അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.