എഡിറ്റര്‍
എഡിറ്റര്‍
സാമൂഹ്യ ഉത്തരവാദിത്വം എന്ന പേരില്‍ മാധ്യമലോകത്ത് നടക്കുന്ന അമിതാവേശ പ്രകടനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഇരയാണ് എല്‍ദോ: പിണറായി
എഡിറ്റര്‍
Sunday 25th June 2017 2:48pm

തിരുവനന്തപുരം: സാമൂഹ്യ ഉത്തരവാദിത്വം എന്ന പേരില്‍ സാമൂഹ്യ മാധ്യമലോകത്ത് നടക്കുന്ന അമിതാവേശ പ്രകടനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പൊതു വിചാരണയുടെയും ഇരയാണ് കൊച്ചി മെട്രോയില്‍ കിടന്നതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട എല്‍ദോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


Dont Miss നിങ്ങള്‍ ബി.ജെ.പിയുടെ ഗുണ്ടകളാണ്; പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് പോയി പറയൂ: ബി.ജെ.പി നേതാക്കളെ നടുറോഡില്‍ ‘കൈകാര്യം’ ചെയ്ത് യു.പിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ


രണ്ടു വര്‍ഷം മുന്‍പ് ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ മസ്തിഷ്‌കാഘാതം ഉണ്ടായി ബോധമില്ലാതെ കിടന്ന സലീമിനെ മദ്യപാനിയായി ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ഒരു ദിവസം കൊണ്ട് തന്നെ ഒരു ലക്ഷം ആളുകളാണ് പങ്കു വെച്ചത്. സലിം ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടു. പിന്നീട് ദല്‍ഹി പോലീസ് അന്വേഷണം നടത്തി വസ്തുത ബോധ്യപ്പെട്ട ശേഷമാണ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തത്.സുപ്രീം കോടതി പോലും ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അപ്പോള്‍ മാധ്യമങ്ങളും പോലീസും എല്ലാം ക്ഷമാപണവുമായി രംഗത്തെത്തി. എന്നാല്‍ സലിമും ആ കുടുംബവും കടന്നു പോയ തീവ്രവേദന തിരിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോയെന്നും പിണറായി ചോദിക്കുന്നു.

ഇപ്പോഴത്തെ പ്രവണത വൈറല്‍/ തമാശ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ്. ശരിയോ തെറ്റോ എന്ന് ഒരുവട്ടം ചിന്തിക്കുക പോലും ചെയ്യാതെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കുന്നതിനു വേണ്ടി അത് പരത്തുക എന്നതാണ് രീതി. ഒരു വാര്‍ത്ത എത്രയും പെട്ടെന്ന് ‘ബ്രേക്ക്’ ചെയ്യാനുള്ള ആവേശമാണ് വ്യാജ വാര്‍ത്തകള്‍ പോലും തങ്ങളുടെ പരിചയ വലയത്തില്‍ ഒരു പരിശോധനയും കൂടാതെ പ്രചരിപ്പിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന മന:ശാസ്ത്രം.അതിന്റെ ഫലമോ? ഫേസ്ബുക്കും വാട്‌സാപ്പും മറ്റു സാമൂഹ്യ മാധ്യമ വേദികളും വ്യാജ വാര്‍ത്തകളും വ്യാജ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ പോലെ തന്നെ അപരാധികളാണ് ഇവ പിന്നീട് വീണ്ടുവിചാരമില്ലാതെ പ്രചരിപ്പിക്കുന്നവരുമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ടു വര്‍ഷം മുന്‍പ് ഡല്‍ഹി മെട്രോയില്‍ സലിം ആയിരുന്നെങ്കില്‍ രണ്ടു ദിവസം മുന്‍പ് കൊച്ചി മെട്രോയില്‍ എല്‍ദോ; സാമൂഹ്യ ഉത്തരവാദിത്വം എന്ന പേരില്‍ സാമൂഹ്യ മാധ്യമലോകത്ത് നടക്കുന്ന അമിതാവേശ പ്രകടനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പൊതു വിചാരണയുടെയും ഇരകളാണ് ഈ രണ്ട് പേരും. വളരെ നിഷേധാത്മകമായ വാര്‍ത്തകള്‍ ഒരു പരിശോധനയും വീണ്ടുവിചാരവും കൂടാതെ പരത്തുന്ന മാനസിക വൈകല്യത്തിന്റെ കൂടി ഇരകളാണ് ഇവര്‍.

കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്, കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ മരണാസന്നനായ അനുജനെ ഓര്‍ത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എന്ന് ബന്ധുക്കള്‍ പറയുന്നു. എല്‍ദോയുടെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് കൂടുതല്‍ അപമാനത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മനോരമ ന്യൂസ് ചാനലിന്റെ അജിത് ജോസഫ് നടത്തിയ ശ്രമത്തെ അഭിനന്ദിക്കുകയാണ്. ഇല്ലായിരുന്നെങ്കില്‍ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ ആയ സലിമിന്ന് ഉണ്ടായത് പോലെ കൂടതല്‍ ദുരനുഭവങ്ങള്‍ എല്‍ദോയ്ക്കും സംഭവിച്ചേനെ.

രണ്ടു വര്ഷം മുന്‍പ് ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ മസ്തിഷ്‌കാഘാതം ഉണ്ടായി ബോധമില്ലാതെ കിടന്ന സലീമിനെ മദ്യപാനിയായി ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ഒരു ദിവസം കൊണ്ട് തന്നെ ഒരു ലക്ഷം ആളുകളാണ് പങ്കു വെച്ചത്. സലിം ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടു. പിന്നീട് ദല്‍ഹി പോലീസ് അന്വേഷണം നടത്തി വസ്തുത ബോധ്യപ്പെട്ട ശേഷമാണ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തത്.സുപ്രീം കോടതി പോലും ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അപ്പോള്‍ മാധ്യമങ്ങളും പോലീസും എല്ലാം ക്ഷമാപണവുമായി രംഗത്തെത്തി. എന്നാല്‍ സലിമും ആ കുടുംബവും കടന്നു പോയ തീവ്രവേദന തിരിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ.
ഇപ്പോഴത്തെ പ്രവണത വൈറല്‍/ തമാശ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ്. ശരിയോ തെറ്റോ എന്ന് ഒരുവട്ടം ചിന്തിക്കുക പോലും ചെയ്യാതെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കുന്നതിനു വേണ്ടി അത് പരത്തുക എന്നതാണ് രീതി. ഒരു വാര്‍ത്ത എത്രയും പെട്ടെന്ന് ‘ബ്രേക്ക്’ ചെയ്യാനുള്ള ആവേശമാണ് വ്യാജ വാര്‍ത്തകള്‍ പോലും തങ്ങളുടെ പരിചയ വലയത്തില്‍ ഒരു പരിശോധനയും കൂടാതെ പ്രചരിപ്പിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന മന:ശാസ്ത്രം.അതിന്റെ ഫലമോ? ഫേസ്ബുക്കും വാട്‌സാപ്പും മറ്റു സാമൂഹ്യ മാധ്യമ വേദികളും വ്യാജ വാര്‍ത്തകളും വ്യാജ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ പോലെ തന്നെ അപരാധികളാണ് ഇവ പിന്നീട് വീണ്ടുവിചാരമില്ലാതെ പ്രചരിപ്പിക്കുന്നവരും.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷവും സ്ത്രീ വിരുദ്ധതയും വ്യക്തി ഹത്യയും എല്ലാം പ്രചരിപ്പിക്കുന്ന പ്രവണത ശക്തമാണ് ഈ കാലത്ത്. എന്ത് കൊണ്ടാണ് ഇത്രയും വ്യാജ പ്രചാരണങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്? ഫേസ്ബുക്കിലും വാട്‌സാപ്പിലും ഒക്കെ വ്യാജ പോസ്റ്റുകള്‍ ചെയ്യുമ്പോള്‍ തങ്ങളിലേക്കുള്ള വഴി അവിടെത്തന്നെയുണ്ട് എന്ന് ഈ അപരാധം ചെയ്യുന്നവര്‍ക്ക് അറിയില്ലേ? നിയമ നടപടിക്കു സാധ്യതയുള്ള കുറ്റമാണ് ഇതെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടാണോ? പലപ്പോഴും ഇത്തരം തെറ്റുകള്‍ സമൂഹത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് പോലും ഉണ്ടാകുന്നതായി നാം കാണാറുണ്ട്!

ഇവിടെ ഒരു കാര്യം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ തന്നെയാണോ എന്റെ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും ട്വീറ്റ് ചെയ്യുന്നതും എന്ന ചോദ്യം എല്ലാ ദിവസവും എനിക്ക് ലഭിക്കാറുണ്ട്. ഉത്തരം ലളിതമാണ്; അത് ചെയ്യുന്നത് ഒരു ടീം ആകാം, പക്ഷെ ഉള്ളടക്കം ഞാന്‍ നിര്‍ദ്ദേശിക്കുന്നതും, പോസ്റ്റ് ചെയ്യുന്നത് ഞാന്‍ പരിശോധിച്ചിട്ടുമായിരിക്കും.

അതുകൊണ്ട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് നിങ്ങള്‍ ഓരോരുത്തരും സൈബര്‍ ലോകത്തെ ഉത്തരവാദിത്വമുള്ള പൌരന്‍/പൌര (Responsible Netizen) ആയി മാറണം എന്നാണ്. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിട്ടര്‍, വാട്‌സാപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള കിംവദന്തികളെയും വ്യാജ വാര്‍ത്തകളെയും നിയന്ത്രിക്കുന്നതിനാവശ്യമായ ഗൌരവമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

Advertisement