തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ.ഭാസ്‌കരനെതിരെ ഉയര്‍ന്ന ആരോപണം കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദളിത് യുവതിയെ ഭാസ്‌കരന്‍ മര്‍ദിച്ചിട്ടില്ല. പരാതി അവാസ്തവമാണ്. പൊലീസിനും സി.പി.ഐ.എമ്മിനും ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ല.
എല്‍ഡിഎഫ് വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുണ്ടായ വാര്‍ത്തയാണത്.

മട്ടന്നൂരില്‍ എല്‍ഡിഎഫ് നേടിയ വിജയം മറച്ചുപിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം ഉന്നയിച്ചത്.


dONT mISS കലാപം തടയാന്‍ മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകള്‍; ബെഹ്‌റയുടെ അവകാശവാദത്തിന്റെ വാസ്തവം എത്ര? തള്ള് എത്ര?


ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശമെന്നായിരുന്നു ഇന്നു പുറത്തുവന്ന വാര്‍ത്ത.

പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദിച്ചെന്ന പേരിലാണ് കെ.ഭാസ്‌കരനെതിരെ നടപടി എടുക്കാന്‍ സിപിഐഎം സംസ്ഥാന ഘടകത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശമെത്തിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മട്ടന്നൂര്‍ മുന്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനായിരുന്നു പരാതി നല്‍കിയത്. തന്നെ മര്‍ദിച്ചുവെന്നും പൊതുഇടത്തില്‍ നിന്ന് അസഭ്യം പറഞ്ഞു എന്നുമായിരുന്നു പരാതി.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗവുമാണ് ഭാസ്‌കരന്‍. മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പു നടന്ന ഇക്കഴിഞ്ഞ എട്ടിന് വൈകിട്ടു പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞിരുന്നു.

എന്നാല്‍ ഇവിടെ വെച്ച് ഭാസ്‌കരന്‍ ഷീലയെ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി. പിന്നീട് ഷീലയുടെ ഭര്‍ത്താവും ഇടതുസംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ.പി.രാജന്‍ സ്ഥലത്തെത്തുകയും ഭാസ്‌കരനുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ ഷീല ശ്രമിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ പിന്തിരിപ്പിച്ചു. എന്നാല്‍ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്ന നിലപാടില്‍ ഷീല ഉറച്ചുനിന്നു.

തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഷീല പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് കേന്ദ്രനേതൃത്വത്തിലേക്കു പരാതി തന്റെ പരാതി ഷീല അയക്കുകയായിരുന്നു്. ഇതിനെ തുടര്‍ന്ന് ഭാസ്‌കരനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ട്.