എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷം ; ഒരു സ്തംഭനവുമില്ലെന്ന് പിണറായി; 9 മാസത്തിനിടെ പരിശോധിച്ചത് 18000 ഫയലെന്നും വിശദീകരണം
എഡിറ്റര്‍
Thursday 2nd March 2017 10:01am

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ഐ.എ.എസ്- ഐ.പി.എസ് തമ്മിലടി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഏജന്റുമാരെ വെച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നു. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ നീങ്ങുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം വിശ്വാസമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. വിജിലന്‍സ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവായി മാറിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

ആരാണ് പായിച്ചറ നവാസ് എന്ന പരാതിക്കാരന്‍ എന്നും രഹസ്യസ്വഭാവമുള്ള ഫയലുകളെ കുറിച്ച് അദ്ദേഹം എങ്ങനെയാണ് അറിഞ്ഞതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

ജേക്കബ് തോമസിന്റെ പേരോ വിജിന്‍സ് ഡയരക്ടര്‍ എന്ന സ്ഥാനമോ പറയാതെയായിരുന്നു പരോക്ഷമായി ജേക്കബ് തോമസിനെ ചൂണ്ടിക്കാട്ടി ആരാണ് പായിച്ചറ നവാസ് എന്ന വി.ഡി സതീശന്റെ ചോദ്യം. ഇന്റലിന്‍സ് സഹായത്തോടെ ഇദ്ദേഹം ആരാണെന്ന് കൂടി പിണറായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഭിപ്രായവ്യത്യാസമുണ്ടായെങ്കില്‍ തന്നെ സര്‍ക്കാര്‍ നയങ്ങള്‍കൊണ്ട് അത് മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

9 മാസത്തിനിടെ 18000 ഫയലുകള്‍ പരിശോധിച്ചു. ആദ്യകാലത്ത് ഫയലുകള്‍ നീങ്ങാന്‍ കാലതാമസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണമായും പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

200 ഫയലുകളില്‍ മാത്രമാണ് തീരുമാനമെടുക്കാനുള്ളത്. ഉദ്യോഗസ്ഥര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഉദ്യോഗസ്ഥരടെ സഹകരണവും കൂട്ടായ്മയും മൂലമാണ് മികച്ച ഭരണം നടത്താനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Advertisement