എഡിറ്റര്‍
എഡിറ്റര്‍
പ്ലീനത്തിന്റെ ശോഭകെടുത്താനുള്ള തന്ത്രങ്ങളായിരുന്നു ഭൂമിവിവാദവും പരസ്യവിവാദവും: പിണറായി
എഡിറ്റര്‍
Saturday 30th November 2013 3:39pm

Pinarayi

കൊച്ചി: ദേശാഭിമാനിയുമായി ബന്ധപ്പെട്ട പരസ്യവിവാദത്തില്‍ പാര്‍ട്ടി പരിശോധിക്കേണ്ട കാര്യമുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി.ജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പ്ലീനം നടക്കുന്ന സാഹചര്യത്തില്‍ അത് എങ്ങനെയുണ്ട് തകര്‍ക്കാന്‍ എന്ന് നോക്കുന്നവരാണ് ഇത്തരം വിവാദങ്ങളെ പടച്ചുവിട്ടത്. അത്തരത്തിലുണ്ടായ വിവാദമാണ് എളമരം കരീമിനെതിരായ ഭൂമി വിവാദവും ചാക്ക് രാധാകൃഷ്ണന്റെ പരസ്യവിവാദവുമെന്നും പിണറായി പറഞ്ഞു.

പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ല ദേശാഭിമാനി പരസ്യം സ്വീകരിക്കുന്നത്. പരസ്യം വിവാദമാക്കിയത് വലതുപക്ഷ മാധ്യമങ്ങളാണ്. ദേശാഭിമാനി സി.പി.ഐ.എമ്മിന്റെ മുഖപത്രമാണെങ്കിലും സി.പി.ഐ.എം ഫണ്ട് ചിലവഴിച്ച് നടത്തിക്കൊണ്ടിരിക്കുന്ന പത്രമല്ല.

പത്രം ഇപ്പോള്‍ നടത്തുന്നത് ദേശാഭിമാനി തന്നെ ആവശ്യമായ ഫണ്ട് കണ്ടെത്തിക്കൊണ്ടാണ്. അതിനുള്ള ഒരു മാര്‍ഗം ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുകയും മറ്റൊന്ന് ഏതൊരു പത്രം പോലെയും ചാനല്‍ പോലെയും പരസ്യം പിടിച്ചുമാണ്.

എല്ലാ മാധ്യമങ്ങള്‍ക്കും പരസ്യം ശേഖരിക്കാനുള്ള ഡിപ്പാര്‍ട്‌മെന്റ് ഉണ്ടാകും. ദേശാഭിമാനിക്കും അത്തരത്തിലൊന്നുണ്ട്. അവര്‍ പരസ്യം സ്വീകരിക്കും. ഏതൊരു പത്രം പോലെയും അവര്‍ വാര്‍ത്തകള്‍ നല്‍കും. ഇക്കാര്യത്തിലൊക്കെ ഏറെക്കുറെ സ്വയം പര്യാപ്തത ദേശാഭിമാനി ആര്‍ജ്ജിച്ചുകഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

രാധാകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഇത്തരമൊരു പരസ്യം കൊടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന്. വിവാദം ഉണ്ടാകുമെന്ന് അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത്രത്തോളം ചിന്തിക്കാന്‍ ദേശാഭിമാനിയിലെ സഖാക്കള്‍ക്ക് കഴിഞ്ഞോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

ദേശാഭിമാനിക്ക് മാത്രമല്ല മലയാള മനോരമയ്ക്കും മാതൃഭൂമിക്കും വീക്ഷണത്തിനും താന്‍ പരസ്യം നല്‍കിയിട്ടുണ്ടെന്ന് രാധാകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.

സംസ്ഥാന പ്ലീനം ഭംഗിയായി പോകുമ്പോഴാണ് ഈ വിവാദം വന്നത്. വലതുപക്ഷ മാധ്യമങ്ങള്‍ ആദ്യം മുതലേ ഒരു വിവാദം തിരഞ്ഞ് നടക്കുകയായിരുന്നു. പ്ലീനത്തിന്റെ ശോഭ കെടുത്താനായിരുന്നു ഇവരുടെ ശ്രമം.

ചക്കിട്ടപ്പാറയില്‍ എല്‍.ഡി.എഫ് ഖനനാനുമതി നല്‍കിയിട്ടില്ല. അതിന് അനുമതി നല്‍കിയത് കേന്ദ്രമാണ്. അഞ്ച് കോടി രൂപ മുന്‍മന്ത്രിയായിരുന്ന എളമരം കരീമിന് നല്‍കാന്‍  കാറിലെ ഡിക്കിയില്‍ വെച്ച് കൊണ്ടുപോയി എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കഴിയില്ലെന്നും പിണറായി പറഞ്ഞു.

സി.പി.ഐ.എമ്മിനെ താറടിച്ച് കാണിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. സി.പി.ഐ.എമ്മിന് മാത്രമേ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാന്‍ കഴിയുള്ളൂ എന്ന് തെളിയിക്കുന്നതായിരുന്നു പാലക്കാടെ പ്ലീനം.

പ്ലീനത്തിന് ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരു ആക്ഷേപവും ഉന്നയിക്കാന്‍ സാധിച്ചിട്ടില്ല. പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി അനുഭാവികളും പാര്‍ട്ടി കുടുംബാംഗങ്ങളും നല്‍കിയ ഫണ്ടാണ് ഇതിന് ഉപയോഗിച്ചത്.

വീടുകള്‍ തോറും കയറി 25 രൂപ വെച്ച് പിരിച്ചാണ് പാര്‍ട്ടി പരിപാടിക്കായി സംഭാവന സ്വീകരിച്ചത്. ഇത്രയും മാതൃകാപരമായാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും പിണറായി പറഞ്ഞു.

Advertisement