എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കരുതെന്നും പിണറായി
എഡിറ്റര്‍
Sunday 26th February 2017 11:01am

തിരുവനന്തപുരം: നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന ഇല്ലെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കേണ്ട എന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി പ്രതികരിച്ചു.

താന്‍ പ്രതികരിച്ചത് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഒൗദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പിണറായി പറഞ്ഞു.


Dont Miss പി. ജയരാജനെതിരായ അന്വേഷണം ഔദ്യോഗിക ജീവിതം തകര്‍ത്തു; ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയപകപോക്കലെന്ന് സെന്‍കുമാര്‍


ചെന്നിത്തലയേപ്പോലൊരാള്‍ കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കത്. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ സ്‌റ്റേജില്‍ ഇരിക്കുമ്പോള്‍ ഒരു പത്രം കിട്ടി. ഗൂഡാലോചനയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതായിട്ടായിരുന്നു ആ പത്രത്തില്‍ കണ്ടത്.

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ഗൂഡാലോചനയെ കുറിച്ച് പറയരുത് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് പൊലീസാണ്. ഇപ്പോള്‍ എല്ലാ പ്രതികളേയും പിടികിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങള്‍ ഇനി പുറത്തുവരുമെന്നും പിണറായി പറഞ്ഞു.

അതേസമയം നടിക്കെതിരായ ആക്രമണത്തില്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. ഗൂഢാലോചന ഉണ്ടെന്ന് പൊലീസ് പറയുമ്പോള്‍ ജനം ഏത് വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിക്കുന്നു.
കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന നിലപാടാണ് പൊലീസ് കോടതിയില്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പിന്‍ബലത്തില്‍ പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വിടരുതെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ അവകാശപ്പെട്ടു.

സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാന പ്രതിക്കാണെന്നും അയാളുടെ മനസില്‍ ഉയര്‍ന്നുവന്ന സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

‘ഈ പറയുന്ന പ്രധാന പ്രതിയുടെ തന്നെ ഭാവനയാണിത്. പ്രധാനപ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസില്‍ ഉയര്‍ന്നുവന്ന സങ്കല്‍പ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് കുറ്റവാളി സങ്കല്‍പ്പിച്ച് വെക്കുമല്ലോ. അതിന്റെ ഭാഗമായി നടത്തിയ കാര്യം. ഇതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു നടനെപ്പറ്റി ആരോപണം വന്നു. ആ നടന്റെ പിന്നാലെ പൊലീസ് ഉണ്ട്. ആ നടന്റെ വീട്ടില്‍ പൊലീസെത്തി. ചോദ്യം ചെയ്തു. എല്ലാം നുണകളാണ്. സിനിമാ ലോകവുമായി ബന്ധപ്പെട്ട് അനാവശ്യമായ ഒരു ചിത്രം സൃഷ്ടിക്കാന്‍ എന്തിനാണ് ഒരു ശ്രമം നടന്നത്.

നിയമത്തിന്റെ കരങ്ങളില്‍ കുറ്റവാളികള്‍ എത്തുന്നതിന് ആരും തടസ്സം നില്‍ക്കാന്‍ പാടില്ല. സാധാരണ നിലയ്ക്ക് ആ നിലപാട് സ്വീകരിക്കാന്‍ പാടില്ല. കുറ്റവാളികള്‍ക്ക് രക്ഷ ഒരുക്കിയവരുണ്ടാകും. ആ രക്ഷയൊരുക്കിയത് ആരായാലും ആ കുറ്റം ചെയ്തവരോടൊപ്പം കുറ്റത്തില്‍ പങ്കാളികളായവരാണ്. ആ നിലയ്ക്കേ ആതിനെ കാണാന്‍ കഴിയൂ”.- ഇതായിരുന്നു പിണറായിയുടെ വാക്കുകള്‍.

 

 

Advertisement