തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി.കെ വീനിതിന് ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ജോലി നല്‍കിയില്ലെങ്കില്‍ സംസ്ഥാനം ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നടപടി കായിക താരങ്ങളുടെ മനോവീര്യം തകര്‍ക്കുന്നതെന്നും അങ്ങേയറ്റം നീചമായ നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും പിണറായി പറഞ്ഞു.


Dont Miss ദൈവവുമായി രഹസ്യധാരണയുള്ള മോഹന്‍ലാല്‍; പിറന്നാളാശംസയുമായി ബി ഉണ്ണികൃഷ്ണന്‍


മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താലാണ് വിനീതിനെ ഏജീസ് ഓഫിസ് പിരിച്ചു വിട്ടത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്. കളിനിര്‍ത്തിയിട്ട് ഓഫീസിലിരിക്കാനില്ലെന്നും, നിയമ നടപടിക്കില്ലെന്നും വിനീത് പറഞ്ഞിരുന്നു.

നാലര വര്‍ഷം മുന്‍പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. ദേശീയ ടീമില്‍ ഇടം നേടുകയും ഐ.എസ്.എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

സ്‌പോട്‌സ് ക്വാട്ടയില്‍ ജോലി നേടിയിട്ടും ഏജീസ് ഓഫീസ് വിനീതിന് ആ പരിഗണന നല്‍കിയില്ല. വിനീതിനെ പിരിച്ചുവിടാനുള്ള നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി എ.സി. മൊയ്തീന്‍ സി.എ.ജിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അത് ഫലം കണ്ടില്ല. ഫെഡറേഷന്‍ കപ്പ് സെമി മത്സരത്തിനായി ഒഡീഷയിലാണ് ബംഗലൂരു എഫ് സി താരമായ വിനീത്.