തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കടോതി വിധിയുടെ പശ്ചാത്തലത്തില്‍ എന്‍.സി.പി നേതൃത്വവുമായി സംസാരിച്ചെന്നും അവരുടെ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം വന്നതിന് ശേഷമേ വിഷയത്തില്‍ നിലപാട് എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും പിണറായി പറഞ്ഞു.

ഇന്ന് രാവിലെ എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ക്ക് അവരുടെ പാര്‍ട്ടി നേതൃത്വവുമായി സംസാരിക്കണമെന്നാണ് പറഞ്ഞത്. അത്തരമൊരു ആവശ്യം അംഗീകരിക്കാതിരിക്കാന്‍ ആവില്ല. രാവിലെ പത്തരയ്ക്ക് ശേഷം നിലപാട് അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ വിട്ടുനിന്നു. ഇത് അസാധാരണ നടപടിയാണ്. അവര്‍ വിട്ടു നിന്നത് ശരിയായില്ല. തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാല്‍ യോഗത്തിന് എത്തില്ലെന്ന് പറഞ്ഞ് സി.പി.ഐ കത്തുനല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തതില്‍ തെറ്റില്ല. മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവകാശമാണത്. ഘടകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത നല്‍കുകയെന്ന മുന്നണി മര്യാദയാണ് കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.