എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ കാലുകുത്തി
എഡിറ്റര്‍
Saturday 25th February 2017 11:48am

മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. മംഗളൂരുവിലെത്തിയ പിണറായിക്ക് കനത്ത സുരക്ഷയാണ് മംഗളൂരു സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.


Also read സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ട്; ഇനി ഇതു ചെയ്യില്ല: പൃഥ്വിരാജ്


രാവിലെ കണ്ണൂരില്‍ നിന്നും മലബാര്‍ എക്‌സ്പ്രസിലായിരുന്നു പിണറായി മംഗളൂരുവിലേക്ക് തിരിച്ചത്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയഗം പി. കരുണാകരന്‍ എം.പിയും പിണറായിക്കൊപ്പമുണ്ടായിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ കര്‍ണ്ണാടക പൊലീസ് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മലബാര്‍ എക്‌സ്പ്രസില്‍ വന്നിറങ്ങിയ പിണറായിയെ സ്വീകരിക്കാന്‍ മംഗളൂരുവിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയിരുന്നു.

നേരത്തെ പിണറായിയെ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചത്. ഇന്നലെ മംഗളൂരുവില്‍ നടന്ന പരിപാടിയില്‍ ബി.ജെ.പി നേതാവ് കെ സുരേന്ദ്രനും കേരള മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു.

ഇന്നു ഉച്ചയ്ക്ക് 2.30ന് ജ്യോതി സര്‍ക്കിളില്‍ നിന്നാണ് സി.പി.ഐ.എം ദക്ഷിണ കന്നട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലി തുടങ്ങുന്നത്. നെഹ്‌റു മൈതാനിയിലാണ് റാലിയുടെ സമാപനവും സമ്മേളനം നടക്കുക.

കേരളത്തില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് വി.എച്ച്.പി നേതാവ് പ്രൊഫ. എം.ബി പുരാണിക് കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പിണറായി പ്രസംഗിക്കുന്നത് മേഖലയിലെ ശാന്തിയും സമാധാനവും കെടുത്തുമെന്നും അത് തടയണമെന്നുമായിരുന്നു വി.എച്ച്.പി നേതാവ് പറഞ്ഞിരുന്നത്.

Advertisement