ന്യൂദല്‍ഹി: ലാവലിന്‍ കേസില്‍ ഗവര്‍ണര്‍ക്കു വേണ്ടിയോ സി ബി ഐക്കുവേണ്ടിയോ ഹാജരാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. കേസില്‍ അറ്റോര്‍ണി ജനറല്‍ ഗുലാം വഹന്‍വതി നിലപാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

കേസില്‍ സി ബി ഐക്കുവേണ്ടി ഹാജരാകാന്‍ അറ്റോര്‍ണി ജനറല്‍ നേരത്തേ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഗവര്‍ണര്‍ക്കുവേണ്ടിയും ഹാജരായിക്കൂടാ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് എ ജി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേസില്‍ തനിക്കെതിരേ പ്രോസിക്യൂഷന്‍ അനുവദിച്ച ഗവര്‍ണറുടെ തീരുമാനം ചോദ്യംചെയ്ത് പിണറായി വിജയന്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ എ കെ പട്‌നായിക്, ആര്‍ വി രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.

ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ട എന്ന തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. എന്നാല്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കുകയായിരുന്നു. സിബിഐ കോടതിയുടെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന പിണറായിയുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.