എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ അവിശുദ്ധ ബന്ധം: പിണറായി
എഡിറ്റര്‍
Wednesday 22nd August 2012 10:49am

തിരുവനന്തപുരം: രാജ്യത്ത് രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിലക്കയറ്റത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ അഞ്ച് മണിക്ക് തന്നെ ഉപരോധം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ എല്ലാ റോഡുകളും സമരക്കാര്‍ ഉപരോധിച്ചിട്ടുണ്ട്.

Ads By Google

പാവപ്പെട്ടവര്‍ക്ക് പണം നല്‍കാന്‍ ഇല്ലാത്ത സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് പണം നല്‍കുകയാണ്. കേര്‍പ്പറേറ്റുകള്‍ രാജ്യത്തെ ധാതുക്കള്‍ കൊള്ളയടിക്കുകയാണ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും പിണറായി ആരോപിച്ചു.

കല്‍ക്കരി ബ്ലോക്കുകളിലെ വിതരണത്തില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയിട്ടുണ്ടൈന്ന് വ്യക്തമാണ്. രാജ്യത്തിന് മുന്നില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ ഊഹക്കച്ചവടവും അവധി വ്യാപാരവും നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെക്കൂടിയാണ് ഉപരോധം. 15 ലക്ഷം പ്രവര്‍ത്തകരാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയെന്നും പിണറായി അവകാശപ്പെട്ടു.

സംസ്ഥാനത്തെ ആരോഗ്യ, പൊതുവിതരണ മേഖലകള്‍ താറുമാറായിരിക്കുകയാണ്. റംസാനും ഓണവും ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കര്‍ഷകര്‍ക്ക് ഗുണകരമായ ഒരുകാര്യവും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതിനിടെ, സമരത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനെന്ന പേരില്‍ പോലീസ് റോഡുകള്‍ തടഞ്ഞ് ഗതാഗതം നിയന്ത്രിച്ചത് തലസ്ഥാന നഗരത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ റോഡുകളും ഇടവഴികളും തടഞ്ഞ് പോലീസ് ബാരിക്കേഡ് തീര്‍ത്തിരിക്കുകയാണ്.

കാല്‍നട യാത്രക്കാരെയും വാഹനങ്ങളില്‍ എത്തുന്നവരെയും പോലീസ് തിരിച്ചുവിടുകയാണ്. ഇതേ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിനുള്ളിലേക്ക് ഒരു ജീവനക്കാരന് പോലും കടക്കാന്‍ കഴിഞ്ഞില്ല.

സെക്രട്ടേറിയറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കും ജീവനക്കാര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. സ്‌കൂള്‍, കോളേജ്‌ വിദ്യാര്‍ഥികളും സമീപത്തെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ താമസിക്കുന്നവരും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.

പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള സമരം അംഗീകരിക്കാനാവില്ലെന്ന് ഇന്നലെ സുപ്രീം കോടതി അഭിപ്രയപ്പെട്ടിരിക്കേയാണ് പോലീസ് തന്നെ മുന്‍കൈ എടുത്ത് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത്.

കൊല്ലത്ത് കലക്ട്രേറ്റിന് മുന്നിലുള്ള ഉപരോധം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും തൃശൂരില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനും ഇടുക്കിയില്‍ കട്ടപ്പന സബ് ട്രഷറിക്ക് മുന്നിലെ ഉപരോധം ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും കോട്ടയത്ത് സംസ്ഥാന സമിതിയംഗം എളമരം കരീമും ആലപ്പുഴയില്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു.

അതിനിടെ, മുഖ്യമന്ത്രിയും മന്ത്രിമാരും പുലര്‍ച്ചെ അഞ്ച് മണിക്ക് മുന്‍പ് സെക്രട്ടേറിയറ്റില്‍ കടന്നു. മന്ത്രിസഭാ യോഗം 8.30ന് തുടങ്ങി.

കോര്‍പ്പറേറ്റ് ഫണ്ട് സ്വീകരിക്കുന്നതില്‍ സി.പി.ഐ.എമ്മിന് നാലാം സ്ഥാനം: ലഭിച്ചത് 335 കോടി

Advertisement