pinarayi vajayanതിരുവനന്തപുരം: അരാഷ്ട്രീയമായ കാര്യങ്ങള്‍ വരുമ്പോള്‍ അത് പരമയോഗ്യമായി ചിത്രീകരിക്കാനുള്ള വല്ലാത്ത വാസന ചില കേന്ദ്രങ്ങളില്‍ ഉണ്ടാവുന്നുവെന്നും അണ്ണാ ഹസാരെയുടെ പല പ്രസ്താവനകളും ഞെട്ടലുണ്ടാക്കുന്നതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

അരാഷ്ട്രീയ സമരങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ അജന്‍ഡയുണ്ട്. അത് രാജ്യത്ത് അപകടങ്ങളേ ഉണ്ടാക്കൂ എന്നും പിണറായി പറഞ്ഞു. അഖിലേന്ത്യാ ലായേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ വര്‍ക്കല രാധാകൃഷ്ണന്‍ അനുസ്മരണത്തോടനുബന്ധിച്ച് ‘വര്‍ത്തമാനകാല ഇന്ത്യയും ലോക്പാല്‍ ബില്ലും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Subscribe Us:

അരാഷ്ട്രീയതയുടെ പേരില്‍ രാഷ്ട്രീയത്തെ ആകെ അധിക്ഷേപിക്കുന്നതിനെതിരെ ജാഗ്രത വേണം. ഇത്തരം കാര്യങ്ങളില്‍ സമൂഹം നല്ല ജാഗ്രത കാണിക്കണം. അരാഷ്ട്രീയതകൊണ്ട് അഴിമതി അവസാനിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് തീര്‍ത്തും മൗഢ്യമാണ്.

അണ്ണാ ഹസാരെ ജനലോക്പാല്‍ ബില്‍ പ്രശ്‌നം ഉയര്‍ത്തിയപ്പോള്‍ അതിന് വലിയ പിന്തുണ കിട്ടി. ഇടതുപക്ഷം നേരത്തേ ഇതേ വിഷയം ഉയര്‍ത്തിയിരുന്നു. അപ്പോള്‍ കണ്ടില്ലെന്നു നടിച്ചവരും ഹസാരേയ്ക്ക് പിന്തുണയുമായെത്തി. എന്നാല്‍ അതിനുശേഷം ഹസാരെ നടത്തിയ ചില പ്രതികരണങ്ങള്‍ വലിയ ഞെട്ടലാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചത്.

സാധാരണ നിലയില്‍ ഊഹിക്കാവുന്നതിനപ്പുറത്തേക്ക് രാജ്യത്ത് ഇന്ന് അഴിമതി എത്തിയിരിക്കുന്നു. ഇത്തരം അഴിമതിപ്രശ്‌നങ്ങളിലെല്ലാം ശരിയായ രീതിയില്‍ പ്രതികരിച്ചത് ഇന്ത്യയിലെ ഇടതുപക്ഷമാണെന്നും പിണറായി പറഞ്ഞു.