എഡിറ്റര്‍
എഡിറ്റര്‍
പത്മനാഭസ്വാമി ക്ഷേത്രം: അമികസ്‌ക്യൂറി രാജകുടുംബത്തിന്റെ വിനീതദാസനെന്ന് പിണറായി
എഡിറ്റര്‍
Thursday 8th November 2012 12:13pm

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ്‌ക്യൂറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പിണറായി ആരോപിച്ചു.

Ads By Google

അമിക്കസ്‌ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ക്ഷേത്രഭരണം രാജകുടുംബത്തിന് കൈമാറാനുള്ള ഉദ്ദേശശുദ്ധിയോടുകൂടിയുള്ളതാണ്. കേവലം ഒരു അഭിഭാഷകന്‍ എന്നതിലുപരി വിനീതവിധേയനായ രാജദാസനായി മാറുകയായിരുന്നു അമിക്കസ്‌ക്യൂറി.

പത്മനാഭ സ്വാമി ക്ഷേത്രത്തിന് ഇപ്പോഴുള്ള സ്വത്ത് ജനങ്ങളില്‍ നിന്ന് സമാഹരിച്ചതാണ്. അതിനാല്‍ അത് ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്കും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്വത്തുക്കള്‍ ബാക്കി നിര്‍ത്തി മറ്റ് സ്വത്ത് വകകള്‍ രാഷ്ട്രത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നാണ് സി.പി.ഐ.എമ്മിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി.

ക്ഷേത്രഭരണം രാജകുടുംബത്തെ ഏല്‍പ്പിക്കാനുള്ള സ്ഥാപിത താത്പര്യമാണ് അമിക്കസ്‌ക്യൂറിയുടേത്. ഇതിനായി കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

ക്ഷേത്രനിധി രാജകുടുംബത്തിന്റെ അവകാശമാണെന്ന നിലപാട് അംഗീകരിക്കാനാകില്ല. ക്ഷേത്രസ്വത്തില്‍ രാജകുടുംബത്തിന് ചെറിയൊരു അവകാശം മാത്രമേയുള്ളൂ. ക്ഷേത്രത്തിന് ആവശ്യമുള്ളത് ക്ഷേത്രത്തിലിരിക്കണം. ക്ഷേത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത നിധി രാഷ്ട്ര സ്വത്താണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നിലപാട് തന്നെയാണോ അമിക്കസ് ക്യൂറി വ്യക്തമാക്കിയിരിക്കുന്നതെന്ന് സംശയമുണ്ടെന്നും പിണറായി പറഞ്ഞു. ക്ഷേത്രസ്വത്ത് ദേവസ്വം ബോര്‍ഡിന്റെ മാതൃകയില്‍ ബോര്‍ഡ് രൂപീകരിച്ച് സംരക്ഷിക്കണം എന്ന പഴയ നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണ്.

ക്ഷേത്രത്തിലെ രത്‌നങ്ങളും അമൂല്യവസ്തുക്കളും മതപരവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധാനങ്ങളും ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കണം. പൊതുജനങ്ങളില്‍ നിന്ന് ദക്ഷിണയായും പിടിച്ചെടുത്തതുമായ സ്വത്ത് ജനാധിപത്യപരമായി തീരുമാനിച്ച് രാഷ്ട്രപുരോഗതിക്ക് ഉപയോഗിക്കണമെന്നും പിണറായി പറഞ്ഞു.

അമിക്കസ് ക്യുറി ചരിത്രബോധമില്ലാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണം ആദ്യകാലങ്ങളില്‍ എട്ടര ഭരണാധികാരിക്കായിരുന്നു. ക്ഷേത്ര സ്വത്തില്‍ രാജകുടുംബത്തിന് ചെറിയ അവകാശം മാത്രമേ ഉണ്ടായിരുന്നുള്ളു.

പിന്നീട് ഭരണമേറ്റ മാര്‍ത്താണ്ഡവര്‍മ്മയാണ് തൃപ്പടിദാനം വഴി ക്ഷേത്രത്തിന്റെ അവകാശി രാജകുടുംബമാണെന്ന് മാറ്റിയത്. ഇതൊന്നും അറിയാതെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇത് സുപ്രീം കോടതി തള്ളിക്കളയണമെന്നും പിണറായി പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് സ്വകാര്യ വിദേശ പങ്കാളിത്തം തേടാനുള്ള നീക്കം സംസ്ഥാന താത്പര്യത്തിന് എതിരാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ നാടിന്റെ പൊതു അഭിപ്രായമറിയാന്‍ സര്‍വകക്ഷി യോഗം വിളിക്കുന്നതാണ് നല്ലത്.

അഞ്ചു കോടിക്കുമേല്‍ മൂലധനനിക്ഷേപമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസ്വകാര്യ പങ്കാളിത്തം സ്വീകരിക്കാമെന്ന ആസുത്രണ ബോര്‍ഡിന്റെ തീരുമാനം സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും. വിദേശ സ്വകാര്യ കമ്പനികള്‍ സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ പിടിമുറുക്കുമെന്നും പിണറായി ആരോപിച്ചു.

റേഷന്‍ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാനുള്ള നീക്കവും ഒരുകാരണവശാലം അംഗീകരിക്കാനാകില്ല. അരി വില വര്‍ധിപ്പിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  8 രൂപ 90 പൈസയ്ക്ക് ഈ അരി നല്‍കാനാണ് നീക്കം. 2 രൂപ കഴിച്ചുള്ള തുക ബാങ്ക് അക്കൗണ്ട് വഴി നല്‍കാമെന്നാണ് സര്‍ക്കാര്‍ വാദം. ഇത് ജനങ്ങളെ പരിഹാസ്യമാക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

മുന്‍പ് മണ്ണെണ്ണയ്ക്ക് നെയ്യാറ്റിന്‍കരയിലും കൊച്ചിയിലും ഈ സംവിധാനം കൊണ്ടുവന്ന് പരാജയപ്പെട്ടതാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ ഈ മാസം 19ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

Advertisement