തിരുവനന്തപുരം: ഡിമോണറ്റൈസേഷന്‍(നോട്ടുനിരോധനം) എന്ന പദം വായിക്കാനറിയാത്തവരും തെറ്റില്ലാതെ എഴുതാനറിയാത്തവരുമെല്ലാം ആണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടുനിരോധനത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങള്‍ പറയാന്‍ താനൊരു സാമ്പത്തിക വിദഗ്ദ്ധനോ ബാങ്കറോ അല്ലെങ്കിലും അതിന്റെ പ്രത്യാഘാതം നേരിട്ടനുഭവിച്ചവരുമായി ആശയവിനിമയം നടത്താന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു.തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സത്യത്തില്‍ പാവപ്പെട്ട ജനങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിച്ചത്. താത്കാലിക ജോലിയുളളവരും, ചെറിയ കച്ചവടം ചെയ്യുന്നവരും, കൃഷിക്കാരും, കാര്‍ഷിക തൊഴിലാളികളും, ഭിന്നശേഷിക്കാരും, വയോജനങ്ങളും ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിച്ചവരാണ്. അദ്ദേഹം ചുണ്ടി കാട്ടി.

പണത്തിന്റെ ലഭ്യതക്കുറവ് കാരണം നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തുനിന്ന് എനിക്ക് ധാരാളം കത്തുകള്‍ കിട്ടുന്നുണ്ട്. യുവജനങ്ങള്‍ അവരുടെ തൊഴിലിനെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരാണ്. ഐടി മേഖല താഴേക്കുപോയി. ടൂറിസം മേഖയെ ബാധിച്ചു. ടാക്‌സി ഡ്രൈവര്‍മാരുള്‍പ്പെടെ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവര്‍ ബുദ്ധിമുട്ടിലായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കമുളളവരും നോട്ടുനിരോധനം മൂലമുളള മാന്ദ്യം അനുഭവിക്കുന്നില്ലേ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോലെ, അല്ലെങ്കില്‍ അന്ധരായ അനുയായികള്‍ വരച്ചുകാട്ടുന്നതുപോലെ എല്ലാം ശോഭനമാണോ. അദ്ദേഹം ചോദിച്ചു.


Also read ‘അങ്ങനെയങ്ങ് വിരട്ടല്ലേ ടീച്ചറേ’; വിദ്വേഷ പ്രസംഗത്തില്‍ കെ.പി ശശികലയ്ക്ക് മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്


പ്രവാസികളുടെ വരുമാനവും സര്‍ക്കാര്‍ ജോലിയും ഔപചാരികമായ തൊഴിലും ആശ്രയിച്ചാണ് ബഹുഭൂരിഭാഗംപേരും കേരളത്തില്‍ ജീവിക്കുന്നത്. ഇങ്ങനെയുളള കേരളം പോലും നോട്ടുനിരോധനത്തിന്റെ ദോഷഫലം നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും മോശമായിരിക്കും. പാവങ്ങളും ദുര്‍ബലരുമാണ് ഇതിന് കൂടുതല്‍ ഇരയായതെന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം പോലുള്ള കടുത്ത തീരുമാനങ്ങള്‍ എടുത്തപ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കേണ്ട മര്യാദ കേന്ദ്രസര്‍ക്കാര്‍ കാണിച്ചില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.