കാഞ്ഞങ്ങാട്: പതിറ്റാണ്ടുകളുടെ രാഷ്ട്രീയപാരമ്പര്യമുള്ള വി.എസ്. അച്യുതാനന്ദനെതിരേ ഗണേഷ് കുമാര്‍ നടത്തിയത് മാപ്പുപറഞ്ഞാല്‍ തീരുന്ന പരാമര്‍ശമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമചിത്തതയുള്ള മനുഷ്യന്‍ പറയേണ്ടതല്ല ഗണേഷ് പറഞ്ഞത്. കാഞ്ഞങ്ങാട് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാല രാഷ്ട്രീയപാരമ്പര്യമുള്ള വി.എസ് ആദരണീയനായ നേതാവാണ്. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ അപലപനീയ പ്രസ്താവന നടത്തിയ മന്ത്രിയ്‌ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ യു.ഡി.എഫ് തയാറാകണം. ഇത്തരം തരംതാഴ്ന്ന പ്രസ്താവന നടത്തിയ ആളെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

ചീഫ് വിപ്പ് പി.സി ജോര്‍ജ് പരസ്യമായി തെറിപറയുന്നത് യോഗ്യതയായി കാണുന്ന ആളാണ്. ഇതാണ് യു.ഡി.എഫിന്റെ സംസ്‌കാരമെന്ന് ജനങ്ങള്‍ക്ക് ഇതിനോടകം മനസ്സിലായിരിക്കുന്നു. ഇവരെയൊക്കെ നിലയ്ക്കു നിര്‍ത്താന്‍ കേരളസമൂഹത്തിന് കഴിയണം.

എ.കെ ബാലനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കാനാണ് പി.സി ജോര്‍ജ് ശ്രമിക്കുന്നത്. ഇതിനെതിരെ ഇടതുപക്ഷം ശക്തമായി പ്രതികരിക്കുമെന്നും പിണറായി പറഞ്ഞു.