തിരുവനന്തപുരം: ഭൂരിപക്ഷ വോട്ട് നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സി.പി.ഐ.എം ക്രൈസ്തവ പുരോഹിതരെ ആക്ഷേപിക്കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. തിരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയന്‍ വേദപഠനക്ലാസ്സുകള്‍ സന്ദര്‍ശിക്കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിമതഭീഷണി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ബാധിക്കില്ല. വിമതന്‍മാരെ സംസ്ഥാനത്തെ വോട്ടര്‍മാര്‍ പരിഗണിക്കുക പോലുമില്ല. വിമത സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നവരെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Subscribe Us:

തിരഞ്ഞെടുപ്പ് സമയങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വര്‍ഗീയ കാര്‍ഡിറക്കി കളിക്കാറുണ്ട്. ചിലപ്പോള്‍ മതങ്ങളേയും ചില സമയങ്ങളില്‍ ഭൂരിപക്ഷ സമുദായത്തേയും അവര്‍ ലക്ഷ്യംവയ്ക്കുന്നു. ഇടതിന്റെ ന്യൂനപക്ഷ പ്രീണനം വെറും തട്ടിപ്പാണ്. ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനം നടത്തുന്നത് തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യംവച്ചാണ്. ഇതിന്റെ ഭാഗമായാണ് ക്രൈസ്തവ മതപുരോഹിതന്‍മാരെ ആക്ഷേപിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തലയില്‍ മുണ്ടിട്ട് അരമനയില്‍ പോയവരാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.