pinarayiതിരുവനന്തപുരം: ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങള്‍ നല്‍കി വി.എസ് അച്യുതാനന്ദനെ നിങ്ങള്‍ കുഴപ്പത്തിലാക്കരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാപ്പിറ്റല്‍ പണിഷ്‌മെന്റ് കാണിച്ച് എന്നെ പേടിപ്പിക്കേണ്ടെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ കാപ്പിറ്റല്‍ പണിഷ്‌മെന്റിന് നിങ്ങള്‍ അങ്ങനെയൊരു വ്യാഖ്യാനം നല്‍കേണ്ടതില്ല. നിങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ കേമന്‍മാരാണല്ലോ. പ്രതിനിധി സമ്മേളനത്തില്‍ പറഞ്ഞ കാര്യത്തിന് പൊതുസമ്മേളനത്തില്‍ മറുപടി പറയാന്‍ മാത്രം സംഘടനാരീതിയെക്കുറിച്ച് അറിവില്ലാത്തയാളല്ല വി.എസ്. പ്രതിനിധി സമ്മേളനത്തില്‍ പറഞ്ഞകാര്യങ്ങള്‍ക്ക് പൊതുസമ്മേളനത്തില്‍ മറുപടി പറയുന്നത് സംഘടനാ രീതി പ്രകാരം തെറ്റാണ്. നിങ്ങള്‍ വ്യാഖ്യാനിച്ച് വി.എസ് അച്യുതാനന്ദനെ കുഴപ്പത്തിലാക്കരുത്’  മുഖാമുഖത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പിണറായി ഇങ്ങനെ പ്രതികരിച്ചു.

Subscribe Us:

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ് വി.എസ് അച്യുതാനന്ദന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മാധ്യമവാര്‍ത്തകളുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം പൊതുസമ്മേളന വേദിയില്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് വി.എസ് പറഞ്ഞിരുന്നു. പ്രതിനിധി സമ്മേളനത്തില്‍ സുരാജ് നടത്തിയ പ്രസ്താവനയുടെ പ്രതികരണമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.

പി.ഡി.പിയുമായി ബന്ധം വിവാദമാക്കിയത് പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്ന പ്രവര്‍ത്തനറിപ്പോര്‍ട്ടിലെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പിണറായിയുടെ മറുപടി : ‘ പി.ഡി.പിയുമായി ഞങ്ങള്‍ ബന്ധമുണ്ടാക്കിയിട്ടില്ല. ഇടതുപക്ഷം അവരുമായി ധാരണയോ നീക്കുപോക്കോ സഖ്യമോ ഉണ്ടാക്കിയിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഞങ്ങള്‍ പിന്തുണക്കുമെന്ന് പി.ഡി.പി പറഞ്ഞു. അവര്‍ ഞങ്ങളുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംബന്ധിച്ചു. ആ സമയത്ത് പി.ഡി.പിയെക്കുറിച്ച് ചില മോശം ധാരണകള്‍ ജനങ്ങളുടെ മനസില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ പാര്‍ട്ടിക്കൊപ്പം പൊതുവേദിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്.’

മഅദനി ജയിലില്‍ നിന്നിറങ്ങിയ സമയത്ത് അദ്ദേഹത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പോയതില്‍ യാതൊരു തെറ്റുമില്ലെന്നും പിണറായി പറഞ്ഞു.

ക്രിസ്തുവിനെ വിമോചന പോരാളിയായി ചിത്രീകരിച്ചത് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ചും പിണറായി സംസാരിച്ചു. ക്രൈസ്തവ പുരോഹിതന്‍മാരില്‍ ചില ന്യൂനപക്ഷം രാഷ്ട്രീയമുള്ളവരാണ്. അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമായി അവര്‍ സി.പി.ഐ.എമ്മിനോട് കടുത്ത നിലപാട് സ്വീകരിക്കുന്നു. എന്നാല്‍ അതിനര്‍ത്ഥം ക്രിസ്ത്യാനികളെല്ലാം അങ്ങനെയാണെന്നതല്ല. ക്രിസ്തുവിനെ വിമോചന പോരാളിയായി ചിത്രീകരിച്ചതിനെതിരെ ഇവിടെയുള്ള ചില പുരോഹിതന്‍മാര്‍ പ്രതിഷേധിച്ചപ്പോള്‍ അന്യസംസ്ഥാനത്തുള്ളവര്‍ ഈ നിലപാട് തെറ്റാണെന്ന് അവരോട് പറഞ്ഞു.

‘ പവ്വത്തില്‍ തിരുമേനി ഏതുഘട്ടത്തിലും സി.പി.ഐ.എമ്മിനെ താറടിച്ചുകാണിക്കുന്നയാളാണ്. എന്നാല്‍ അവരുടെ കൂട്ടത്തില്‍ ചില വിവരമുള്ളവരുമുണ്ട്. അവര്‍ ഞങ്ങള്‍ ചെയ്യുന്ന നല്ലകാര്യങ്ങളെ തിരിച്ചറിയുന്നുണ്ട്’ പിണറായി പറഞ്ഞു

സി.പി.ഐ.എമ്മില്‍ പുരുഷാധിപത്യമാണെന്നും പിണറായി വിജയന്‍ തന്നോട് കാണിച്ചത് ക്രൂരതയാണെന്നുമുള്ള സരോജിനി ബാലാനന്ദന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പിണറായിയുടെ മറുപടി ഇങ്ങനെ: ‘ ഞാന്‍ ഇന്നലെ പറഞ്ഞില്ലേ അത് ആ തരത്തിലുള്ള വികാര പ്രകടനമായി കണ്ടാല്‍മതി. സാധാരണ പാര്‍ട്ടി നേതാവെന്ന നിലയില്‍ അങ്ങനെ പറയാനാവില്ല. പാര്‍ട്ടിയില്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചവരെന്ന നിലയിലുള്ള എല്ലാ ആദരവും സംസ്ഥാന കമ്മിറ്റിക്ക് അവരോടുണ്ടാവും. പ്രവര്‍ത്തിക്കാനുള്ള പരിമിതി കണക്കിലെടുത്താണ് അവരെ പുറത്താക്കിയത്’

ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങളില്‍ കൂടി പാര്‍ട്ടി പ്രത്യേകമായി ശ്രദ്ധിക്കുമെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടി അനുഭാവമുള്ള, എന്നാല്‍ അംഗങ്ങളല്ലാത്ത താഴെത്തട്ടിലുള്ളവര്‍ക്ക് പാര്‍ട്ടിയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കും. ഇതിനായി ലോക്കല്‍ കമ്മിറ്റിയിലെ ഒരംഗത്തെ ചുമതലപ്പെടുത്തും. മുന്‍പ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ഇപ്പോള്‍ പ്രഫഷണല്‍സായിട്ടുള്ളവരുടെ യോഗം വിളിച്ച് അവരുടെ സജീവ പങ്കാളിത്തം കൂടി സംഘടനയില്‍ ഉള്‍പ്പെടുത്തും.

ആദിവാസികളുടെ കാര്യത്തില്‍ ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി ശ്രദ്ധ നല്‍കും. മത്സ്യത്തൊഴിലാളി മേഖലയിലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെ പാര്‍ട്ടി ശക്തമായി മുന്നോട്ടുവരും. മദ്യാസക്തി കുറയ്ക്കുന്നതിനായുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പിണറായി പറഞ്ഞു.

Malayalam news

Kerala news in English