Administrator
Administrator
പിണറായിയുടെ ധിക്കാരത്തിന് മാത്രം രോഗമില്ലെന്ന് വീരേന്ദ്രകുമാര്‍
Administrator
Monday 28th September 2009 10:04pm

veerendrakumar-rwതൃശൂര്‍: കോടതിയില്‍ കേസു വന്നപ്പോള്‍ രോഗമായ പിണറായിക്ക് ധിക്കാരത്തിന് മാത്രം രോഗമില്ലെന്ന് ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാര്‍. കേസ് കഴിഞ്ഞപ്പോള്‍ രോഗവും മാറി. ഇനി ഡിസംബറില്‍ വീണ്ടും രോഗം വരുമെന്നും വീരേന്ദ്രകുമാര്‍ പരിഹസിച്ചു.

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് രാഷ്ട്രീയപരമായും നിയമ പരമായും കൈകാര്യം ചെയ്യുമെന്ന് നിലപാടെടുത്ത സി.പി.ഐഎം പോളിറ്റ് ബ്യൂറോ, കേസ് വൈദ്യശാസ്ത്ര പരമായും കൂടി നേരിടുമെന്ന് തിരുത്തണം. എ.കെ. ആന്റണിയെ സാക്ഷിയാക്കണമെന്ന് പറയേണ്ടത് കേസില്‍ പ്രതിയായ പിണറായിയാണോ. എങ്കില്‍ കേസിന്റെ വിധി കൂടി പിണറായി പറയട്ടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്റെ കല്‍പ്പനകള്‍ സി.പി.ഐഎമ്മിനോട് മതി. സി.പി.ഐഎമ്മിന്റെ മാത്രം സെക്രട്ടറിയാണ് പിണറായി. അയാള്‍ എ.കെ.ജിയെക്കാളോ അഴീക്കോടന്‍ രാഘവനെക്കാളോ പാര്‍ട്ടി രക്തസാക്ഷികളെക്കാളോ വലുതല്ല. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെന്ന മാന്യതയാണ് പിണറായിക്ക് ലഭിക്കുന്നത്. എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ ഇടതുപക്ഷം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് ജനതാദള്‍ വഹിച്ചത്. ഇന്ന് എല്‍.ഡി.എഫിലുള്ള സി.പി.ഐയും ആര്‍.എസ്.പിയും ഉള്‍പ്പെടെ അന്ന് അതിലില്ല. മുന്നണിയില്‍ ഇന്ന് ചര്‍ച്ചക്ക് പകരം തീരുമാനം അറിയിക്കുകയും ഘടകകക്ഷികള്‍ അത് സ്വന്തം വേദിയില്‍ അംഗീകരിക്കുകയുമാണ്.കാലുനക്കുന്നവര്‍ക്ക് മാത്രമേ ഇടതുമുന്നണിയില്‍ കഴിയാനാവു. ഇങ്ങനെ ഇനിയും തുടരാന്‍ വയ്യാത്തതുകൊണ്ടാണ് യു.ഡി.എഫില്‍ എത്തിയത്. മാന്യമായി ഇടപഴകുന്ന ഒരു രാഷ്ട്രീയ കൂടാരത്തിലാണ് ജനതാദള്‍ ഇപ്പോഴെന്നും അദ്ദേഹം അവകാശപ്പെട്ടു.

എല്‍.ഡി.എഫില്‍ അഭിപ്രായ ഭിന്നതയില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്റെ പ്രസ്താവന കാര്യമാക്കേണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. തൃശൂരില്‍ ജനത മല്‍സ്യത്തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു.

Advertisement