ന്യൂദല്‍ഹി: കേരള നിയമസഭാ ചരിത്രത്തില്‍ മൊമ്പൊന്നും സംഭവിക്കാത്ത ഹീനമായ നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയന്‍. ടി.വി രാജേഷിനെയും ജെയിംസ് മാത്യുവിനെയും നിയമസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടിയെക്കുറിച്ച് ദല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍കൂട്ടിത്തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഇവരെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പ് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണം. നടുത്തളത്തിലിറങ്ങുകയെന്നത് നിയമസഭയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമൊന്നുമല്ല. ഉമ്മന്‍ചാണ്ടിക്ക് ദീര്‍ഘകാലത്തെ പാര്‍ലിമെന്റ് അനുഭവമുണ്ട്. അദ്ദേഹം സഭയിലിരിക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ പ്രക്ഷോഭമുണ്ടായിട്ടുണ്ട്. അംഗങ്ങള്‍ സ്പീക്കറുടെ അടുത്ത് പോയി സംസാരിക്കുന്ന രീതിയുണ്ട്. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ വാച്ച് ആന്റ് വാര്‍ഡ് സഭയിലിറങ്ങുന്നതാണ് കാണാനായത്. വനിതാ വാച്ച് ആന്റ് വാര്‍ഡുകള്‍ ആദ്യം നിയമസഭയിലിറങ്ങുകയെന്ന പുതിയ കാര്യവും ഇവിടെ സംഭവിച്ചു. വനിതാ വാച്ച് ആന്റ് വാര്‍ഡിനെയാണ് മുന്നില്‍ നിര്‍ത്തിയത്. സ്വാഭാവികമായും വനിതാ വാച്ച് ആന്റ് വാര്‍ഡ് പിറകിലേക്ക് പോയി.

നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം ഉടന്‍ തന്നെ പ്രചാരണം അഴിച്ചുവിടുകയാണ് യു.ഡി.എഫ് ചെയ്തത്. മന്ത്രി കെ.സി ജോസഫാണ് ഇക്കാര്യം ആദ്യം പറയുന്നത്. ജെയിംസ് മാത്യുവിനോട് രണ്ട് തവണ മത്സരിച്ചയാളാണ് കെ.സി ജോസഫ്. ആ വിദ്വേഷവും ജോസഫിനുണ്ടാവും. ജെയിംസ് മാത്യുവിനെതിരെയും ടി.വി രാജേഷിനെതിരെയും ആരോപണമുണ്ടായി. വനിതാ വാച്ച് ആന്റ് വാര്‍ഡ് ആദ്യം സംഭവം നിഷേധിച്ചെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു. പിന്നീട് ക്യാമറ ദൃശ്യം കാണണമെന്ന് പറഞ്ഞു. കണ്ടപ്പോള്‍ ആരോപിച്ച പോലെ ഒന്നും വീഡിയോയില്‍ കാണാന്‍ കഴിഞ്ഞില്ല. പിന്നീടാണ് യു.ഡിഎ.എഫ് യോഗം ചേര്‍ന്ന് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

ഉമ്മന്‍ചാണ്ടി സഭയിലിരിക്കുമ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി പേപ്പറുകള്‍ വലിച്ചെറിയുന്ന സംഭവമുണ്ടായിട്ടുണ്ട്. അന്നൊന്നും സസ്‌പെന്‍ഷന്‍ ഉണ്ടായിട്ടില്ല. അതാണ് നിയമസഭാ ചരിത്രം. സ്പീക്കര്‍ സഭയിലെ എല്ലാവരുടെയും സംരക്ഷകനാണെന്ന് കാര്‍ത്തികേയന്‍ ഓര്‍ക്കണം. കോണ്‍ഗ്രസ്സില്‍ മാന്യമായ സമീപനമുള്ളയാളായാണ് കാര്‍ത്തികേയന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇല്ലാത്ത കാര്യം പറയാന്‍ സ്പീക്കര്‍ക്കായാലും അവകാശമില്ല. അംഗങ്ങള്‍ ഖേദം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ യു.ഡി.എഫിന് വേണ്ടി അത് പറയുകയാണ് കാര്‍ത്തികേയന്‍ ചെയ്തതെന്നും പിണറായി പറഞ്ഞു.