Administrator
Administrator
വി.എസിന് പിണറായിയുടെ മറുപടി; വിവാഹം വ്യക്തിപരം
Administrator
Sunday 7th August 2011 10:50am

pinarayi vijayanതിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ കല്ല്യാണത്തിന് സംഘടനാ ശത്രുക്കളും വന്നിരുന്നുവെന്ന വി.എസ് അച്ച്യുതാനന്ദന്റെ പ്രസ്താവനക്ക് പിണറായിയുടെ മറുപടി. കല്ല്യാണത്തിന് ക്ഷണിച്ചത് വ്യക്തിബന്ധം പരിഗണിച്ചാണെന്നും ക്ഷണിക്കപ്പെട്ടവരില്‍ രാഷ്ട്രീയമായും കായികമായും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഉണ്ടാവാമെന്നും പിണറായി തിരുവനന്തപുരത്ത് വ്യക്തമാക്കി.

‘ വിവാഹത്തിന് ആളുകളെ ക്ഷണിച്ചത് വ്യക്തിബന്ധം പരിഗണിച്ചാണ്. ഞാനൊരു രാഷ്ട്രീയപ്രവര്‍ത്തകനാണല്ലോ, ആ നിലക്ക് എന്റെ ജീവിതത്തില്‍ ശാരീരികമായും രാഷ്ട്രീപരമായും എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചവരുണ്ടാകാം. കല്ല്യാണത്തിന്റെ ഘട്ടത്തില്‍ ഇത്തരം വേര്‍തിരിവുകള്‍ കാണിക്കാന്‍ കഴിയില്ല. സാധാരണഗതിയില്‍ ക്ഷണിക്കാന്‍ പറ്റുന്നവരെയെല്ലാം ക്ഷണിച്ചിരുന്നു. ക്ഷണിച്ചവര്‍ എല്ലാം വരികയും ചെയ്തു. നല്ലൊരു അനുഭവമായിരുന്നു അത്’ – പിണറായി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.

ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി വി.എസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബര്‍ലിന്റെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വപരമായ കാര്യമാണെന്നും വിവാഹം, മരണം, അസുഖം എന്നിവക്ക് പാര്‍ട്ടി പുറത്താക്കിയവരാണോ അല്ലയോ എന്ന് നോക്കാറില്ലെന്നുമായിരുന്നു വി.എസിന്റെ പ്രതികരണം.

കൂത്ത് പറമ്പില്‍ അഞ്ച് പേരെ വെടിവെച്ചുകൊന്ന എം.വി.രാഘവനും എം.എം ലോറന്‍സിനുമൊപ്പമാണ് താന്‍ പിണറായി വിജയന്റെ മകന്റെ വിവാഹത്തിന് പോയതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു. വി.എസിന്റെ ഈ പ്രസ്താവനക്കുള്ള മറുപടിയാണ് പിണറായി വിജയന്‍ ഇന്ന് നടത്തിയത്.

Advertisement