Categories

വി.എസോ പിണറായിയോ?: കേന്ദ്ര കമ്മിറ്റി തീരുമാനിക്കും

ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ആര് നയിക്കുമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയന്റെതുമുള്‍പ്പെടെയുള്ള സ്ഥാനാര്‍ഥിത്വ കാര്യങ്ങളും ഇവിടെ തീരുമാനമാകും.

കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗം നടന്നപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമല്ല കേരളത്തില്‍ ഇപ്പോഴുള്ളത്. നേരത്തെയുള്ള സാഹചര്യത്തില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടയെന്ന നിലപാടിലായിരുന്നു സി.പി.ഐ.എം. വി.എസും അദ്ദേഹത്തിന്റെ അനുകൂലികളും ഈ സാഹചര്യവുമായി ഏറെക്കുറെ പൊരുത്തപ്പെടുകയും ചെയ്തിരുന്നു. അടുത്ത അഞ്ച് വര്‍ഷക്കാലം പ്രതിപക്ഷത്തിരുന്നാലും പിന്നീട് തിരിച്ചുവന്ന് പാര്‍ട്ടിയും ഭരണവും തങ്ങളുടെ കയ്പിടിയിലാക്കാമെന്നായിരുന്നു സി.പി.ഐ.എം ഔദ്യോഗിക വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

വി.എസിന് സീറ്റ് നിഷേധിക്കുന്നത് കൊണ്ട് കഴിഞ്ഞ തവണ ഉണ്ടായത് പോലെ പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനമൊന്നും ഇത്തവണ നടക്കില്ലെന്നും സി.പി.ഐ.എം കണക്കുകൂട്ടിയിരുന്നു. കാരണം പാര്‍ട്ടിക്കുള്ളിലെ വി.എസ് വിഭാഗം ദുര്‍ബലമായിക്കഴിഞ്ഞു. പലരും പാര്‍ട്ടി വിട്ട് പുറത്തേക്ക് പോവുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ രണ്ട് മാസം മുമ്പ് വരെയുള്ള സാഹചര്യമല്ല ഇപ്പോള്‍ കേരളത്തിലുള്ളത്. ഐസ്‌ക്രീം, ഇടമലയാര്‍ കേസുകള്‍ വീണ്ടും ഉയര്‍ന്നതോടെ വി.എസ് കേരള രാഷ്ട്രീയത്തിലെ കേന്ദ്ര ബിന്ദുവായി മാറി. അഴിമതിക്കാരെ കയ്യാമം വെക്കുമെന്ന അദ്ദഹത്തിന്റെ പ്രശസ്തമായ പ്രഖ്യാപനം ഭരണത്തിന്റെ അവസാന നാളുകളില്‍ നടപ്പാകുന്നത് ജനം കണ്ടു. പാര്‍ട്ടി പ്രവര്‍ത്തകരെയും ഇത് വലിയ തോതില്‍ ആവേശത്തിലാക്കി. സെക്രട്ടേറിയേറ്റില്‍ നിന്നിറങ്ങാന്‍ ഒരുങ്ങിയ ഇടതുപക്ഷത്തിന് പുത്തനുണര്‍വ്വുണ്ടായി. ഈ സാഹചര്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ പാര്‍ട്ടിക്കാവുമോയെന്നാണ് ഉയരുന്ന ചോദ്യം.

പ്രതിപക്ഷത്തിരുന്നപ്പോള്‍ വി.എസിനുണ്ടായിരുന്ന നായക പരിവേശം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ പാര്‍ട്ടിയുടെ വന്‍മതിലില്‍ തട്ടി നിഷ്പ്രഭമായിക്കൊണ്ടിരുന്നു. എന്നാല്‍ പഴയ ആ പ്രതിച്ഛായ ഇപ്പോള്‍ വീണ്ടും വി.എസിന് കൈവന്നിരിക്കയാണ്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചാല്‍ പഴയതിലും വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭയം സി.പി.ഐ.എമ്മിനുണ്ട്.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഇത്രയും നാളത്തെ ശ്രമഫലമായി ഉണ്ടാക്കിയെടുത്ത മേധാവിത്വം അങ്ങിനെയൊന്നും വിട്ടുകൊടുക്കാന്‍ പിണറായിക്ക് കഴിയില്ല. സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയെ വരെ ബോധ്യപ്പെടുത്തിയ കാര്യങ്ങള്‍ വി.എസിനെ ബോധ്യപ്പെടുത്താന്‍ പലപ്പോഴും പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടി തീരുമാനം നിലനില്‍ക്കെ അതിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ വി.എസിനെ പ്രസ്താവനകള്‍ ഇറക്കേണ്ടി വന്നത് അങ്ങിനെയാണ്. അവസാനമായി പി ശശിയുടെ വിഷയത്തില്‍ വരെ പാര്‍ട്ടി നിലപാടിനെ അവിശ്വസിക്കുന്ന രീതിയിലായിരുന്നു വി.എസിന്റെ പ്രതികരണം. ലാവലിന്‍ കേസ് ഉള്ളത്‌കൊണ്ട് പിണറായി ഒരു പക്ഷെ മത്സരിച്ചില്ലെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്ഥരെ സംസ്ഥാന രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് കൊണ്ട് വരാന്‍ പിണറായി ശ്രമം നടത്തും.

ഏതായാലും ഭരണമോ പാര്‍ട്ടിയോ എന്ന ചോദ്യമാണ് സി.പി.ഐ.എമ്മിന് മുന്നിലുള്ളത്. ഭരണമാണ് വേണ്ടതെങ്കില്‍ വി.എസിനെ മത്സരിപ്പിക്കണം. അതല്ല പാര്‍ട്ടിയില്‍ ആരും ചോദ്യം ചെയ്യാനില്ലാത്ത സ്വയം ഭരണമാണ് വേണ്ടതെങ്കില്‍ വി.എസിനെ മാറ്റി നിര്‍ത്തണം. ഇതില്‍ ഏത് വേണമെന്നായിരിക്കും കേന്ദ്ര കമ്മിറ്റി തീരുമാനിക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.