കാഞ്ഞങ്ങാട്: ലോട്ടറിവിഷയത്തില്‍ സര്‍ക്കാരിനു തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി പറയാനിടയില്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസ് എന്താണെന്ന് പരിശോധിക്കണം. ദുര്‍വ്യാഖ്യാനങ്ങള്‍ ഏറെയുള്ളതിനാല്‍ ഇക്കാര്യം വിശദമായി പരിശോധിച്ചശേഷമേ കൂടുതല്‍ പ്രതികരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി വിഷയത്തില്‍ ഭരണതലത്തില്‍ വീഴ്ചയുണ്ടായതായി മുഖ്യമന്ത്രി ഇന്നലെ കൊച്ചിയില്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി അംഗമല്ലാതിരുന്ന മഞ്ഞളാംകുഴി അലി വിഭാഗീയതക്ക് ഇരയാകുന്നത് എങ്ങിനെയാണെന്ന് മനസിലാകുന്നില്ലെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടിയിലെ രീതിയെക്കുറിച്ച് അലിക്ക് വേണ്ടത്ര ബോധ്യമുണ്ടായിരിക്കില്ല. അല്ലെങ്കില്‍ ബോധപൂര്‍വ്വം ആക്ഷേപം ഉന്നയിക്കുകയായിരിക്കുമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിസ്ഥാനത്തെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തില്‍ അലിക്ക് മന്ത്രിപദം നല്‍കുന്നതിനെക്കുറിച്ച് നേരിയ ആലോചനപോലുമുണ്ടായിരുന്നില്ല. അലിക്ക് സ്വന്തമായി നല്ല മതിപ്പുണ്ടായിരിക്കും. എന്നാല്‍ പാര്‍ട്ടിക്ക് അതുപോലെ ആയിരിക്കില്ല. അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ അലിക്ക് പാര്‍ട്ടി നല്‍കിയിട്ടുണ്ട്.

ടി.കെ ഹംസയെക്കാള്‍ യോഗ്യനാണ് താനെന്ന് അലിക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ അലി അലിയും ഹംസ ഹംസയുമാണെന്നും പിണറായി പറഞ്ഞു.