ന്യൂദല്‍ഹി: സ്പീക്കറുടെ ഓഫീസ് രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിയമസഭയുടെ നാഥനായ സ്പീക്കര്‍ കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതനായിരിക്കണമെന്നും അദ്ദേഹം ദല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

കോഴിക്കോട് വെടിവയ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. ഈ വിഷയത്തില്‍ പൊലീസിനെ സംരക്ഷിക്കാനുള്ള കള്ളക്കളിയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്നത്. അത് വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. നിയമസഭയില്‍ ആഭാസകരമായ രീതിയില്‍ പെരുമാറിയ മന്ത്രി കെ.പി.മോഹനന്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചതായും അദ്ദേഹം പ്രതികരിച്ചു.