pinarayi vijayanതിരുവനന്തപുരം: വി.എസ്സിനെതിരെ കേന്ദ്രകമ്മിറ്റിയ്ക്ക് സംസ്ഥാനനേതൃത്വം പരാതി നല്‍കിയിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വി.എസ്സിനെതിരെ ഒരു പരാതിയും സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടില്ല. പാര്‍ട്ടി സമ്മേളനം മുന്നില്‍കണ്ട് സി.പി.ഐ.എം വിരുദ്ധ പ്രചാരവേലയില്‍ മാധ്യമങ്ങളും ഏര്‍പ്പെടുകയാണ്. കുഞ്ഞനന്തന്‍ നായരെപ്പോലുള്ളവരെ പാര്‍ട്ടിക്കെതിരെ രംഗത്തിറക്കിയാല്‍ വിലപ്പോവില്ല. കുഞ്ഞനന്തന്‍ നായരെപ്പോലുള്ള കള്ളനാണയങ്ങളെ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന ധാരണ വ്യാമോഹമാണെന്നും വി.എസ് അനുകൂല പ്രകടനം എന്ന പേരില്‍ നടന്നത് പാര്‍ട്ടി വിരുദ്ധ പ്രകടനം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാഞ്ഞങ്ങാട്ടെ വി.എസ്സിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തപ്പോഴുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാനാണ് സെക്രട്ടറിയേറ്റ് ശ്രമിച്ചതെന്നും വി.എസ് കൂടി പങ്കെടുത്ത സെക്രട്ടേറിയേറ്റാണ് ഇതു സംബന്ധിച്ച പ്രസ്താവനയിറക്കിയതെന്നും പിണറായി പറഞ്ഞു. വി.എസ് അനുകബൂല പ്രകടനം എന്ന പേരില്‍ നടന്നത് പാര്‍ട്ടിവിരുദ്ധ പ്രകടനം തന്നെയാണ്. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരമില്ലാത്ത ഇത്തരം പ്രകടനങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സംസ്ഥാനകമ്മിറ്റിയുടെ നിലപാടെന്നും പിണറായി വ്യക്തമാക്കി.