എഡിറ്റര്‍
എഡിറ്റര്‍
ഐ.എന്‍.എല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ജെ.എസ്.എസ് മുന്നണി പ്രവേശനം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും: പിണറായി
എഡിറ്റര്‍
Monday 17th March 2014 9:05am

Pinarayi

തിരുവനന്തപുരം: ഐ.എന്‍.എല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ജെ.എസ്.എസ് എന്നീ പാര്‍ട്ടികളുടെ ഇടത് ജനാധിപത്യ മുന്നണിയിലേക്കുള്ള പ്രവേശനം തിരഞ്ഞെടുപ്പിന് ശേഷം കൂട്ടായി ആലോചിക്കുമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

യു.ഡി.എഫുമായി ആര്‍.എസ്.പി മുന്‍കൂട്ടി ധാരണയുണ്ടാക്കിയത് സി.പി.ഐ.എം അറിയാതെ പോയി എന്നത് ശരിയാണ്. ഇത്രയും കൊടും വഞ്ചന കാണിക്കുന്ന വഞ്ചകപ്പരിഷകളാണ് ആര്‍.എസ്.പി എന്നും അറിഞ്ഞിരുന്നില്ല.

പലപ്പോഴും വിതണ്ഡവാദങ്ങള്‍ ഉന്നയിക്കുന്ന നേതാവാണ് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് ആദ്യന്തം കോണ്‍ഗ്രസ് വിരുദ്ധമാണ്. ഈ മാറ്റത്തിന് അദ്ദേഹം മൂകസാക്ഷിയായി നിന്നുകൊടുത്തന്നും പിണറായി വിജന്‍ കുറ്റപ്പെടുത്തി.

ജനതാദള്‍ എസിന് കോട്ടയം നല്‍കിയത് അവര്‍ക്ക് അതിന് അര്‍ഹതയുള്ളത് കൊണ്ടാണ്. സി.പി.ഐ കഴിഞ്ഞാല്‍ നാല് എം.എല്‍.എമാരുള്ള ജനതാദള്‍ എസാണ് മുന്നണിയലെ ഏറ്റവും വലിയ പാര്‍ട്ടിയെന്നും അദേഹം ചൂണ്ടിക്കാട്ടി.

കേരളകോണ്‍ഗ്രസിനു കര്‍ഷകപ്രേമത്തെക്കാള്‍ വലുത് കസേരപ്രേമമാണെന്നാണ് എല്ലാക്കാലത്തും ഞങ്ങളുടെ കണക്കുകൂട്ടല്‍. അത് ഒരിക്കല്‍ കൂടി ശരിയായി. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഇടുക്കിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച സംഭവവികാസങ്ങളെ പിണറായി വിജയന്‍ ഇങ്ങനെയാണ് വിശദീകരിച്ചത്.

പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ പീലിപ്പോസ് തോമസ് മാന്യമായ രാഷ്ട്രീയജീവിതത്തിന് ഉടമയാണ്. ഇടത് മുന്നണിയിലേക്ക് വന്നതിനുശേഷവും അദ്ദേഹത്തിനെതിരെ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിണറായി പറഞ്ഞു. കോണ്‍ഗ്രസുകാരനായിപ്പോയി എന്ന കുറ്റമേ കാണാന്‍ കഴിയൂ. ആറന്മുള വിമാനത്താവളത്തിനെതിരായ  പീലിപ്പോസ് തോമസിന്റെ നിലപാടും പരക്കെ ശ്രദ്ധിക്കപ്പെട്ടതാണ്്.

എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ ഔദ്യോഗികജീവിതം എടുത്തു പരിശോധിച്ചാല്‍ ഒരു വിധത്തിലുമുള്ള വിമര്‍ശനത്തിന് പാത്രീഭൂതനല്ല. യശസ്സോടെ ഔദ്യോഗികജീവിതം പൂര്‍ത്തിയാക്കിയ ആളാണ.് അതുകൊണ്ടാണ് രാഷ്ട്രപതിയുടെ സെക്രട്ടറിയാകാന്‍ കഴിഞ്ഞത്. ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനം പുലര്‍ത്തിയയാളാണ് എന്ന പരാതി ഉണ്ടായിട്ടില്ലെന്നും പിണറായി വിശദീകരിച്ചു.

ഇരിങ്ങാലക്കുടയില്‍ ഇന്നസെന്റിനെക്കുറിച്ച് ഒരു കുറ്റവും പറയാന്‍ കഴിയില്ലെന്നും  നാടിന്റെ കലാരംഗത്ത് അപൂര്‍വപ്രതിഭയാണ് അദ്ദേഹമെന്നും പിണറായി വിശേഷിപ്പിച്ചത്. പൊന്നാനിയില്‍ വി. അബ്ദുറഹ്മാനും ഒരു തരത്തിലുമുള്ള ആക്ഷേപത്തിന് ഇരയായിട്ടുള്ളയാളല്ല. ഇടുക്കിയില്‍ ജോയിസ് ജോര്‍ജ് അവിടത്തെ പ്രത്യേക സാഹചര്യങ്ങളില്‍ എല്‍ഡിഎഫ് നിലപാടിനൊപ്പം നിന്ന വ്യക്തിയാണെന്നും പിണറായി വ്യക്തമാക്കി.

ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെന്നാണ് വിഎസ് പറഞ്ഞത്. അതുകൊണ്ടു തന്നെ മറ്റു തടസങ്ങളൊന്നുമുണ്ടാകില്ലെന്നുമായിരുന്നു  വിഎസ് തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകില്ലേയെന്ന ചോദ്യത്തിന്് പിണറായിയുടെ മറുപടി.

മലയാള മനോരമ പത്രത്തിലെ സുജിത് നായര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിണറായി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

Advertisement