pinarayi vijayanതിരുവനന്തപുരം: ഇടതു സര്‍ക്കാറിനെ അധികാരത്തില്‍നിന്നിറക്കാന്‍ ശ്രമിച്ച ജാതിമതശക്തികള്‍ സ്വയം  പരിശോധിക്കണമെന്ന് പിണറായി വിജയന്‍. നേരത്തെ തങ്ങളെ പിന്തുണച്ച ജാതിമതശക്തികള്‍ തന്നെയാണ് അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ ശ്രമിച്ചവരെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരില്‍ വോട്ടുചോര്‍ച്ചയുണ്ടാവാനുള്ള കാരണം ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയനിര്‍ദേശത്തില്‍ അട്ടിമറി നടന്നതാണെന്നും ഒരു കുതിരക്കച്ചവടത്തിനും തങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതിമതങ്ങളെയല്ല വര്‍ഗീയശക്തികളെയാണ് എല്‍.ഡി.എഫ് എതിര്‍ക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

കണ്ണൂരില്‍ നായനാര്‍ അക്കാദമിയ്ക്ക് തറക്കല്ലിടല്‍ ചടങ്ങില്‍വെച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭായോഗത്തിലെടുത്ത തീരുമാനങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാറിന്റെ മുഖ്യ അജന്‍ഡ വാഗ്ദാനലംഘനമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു രൂപയ്ക്ക് അരി എന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കാത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതുസര്‍ക്കാറിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ യുഡിഎഫിനെ അനുവദിക്കില്ലെന്നും  അത്തരം ശ്രമങ്ങളെ ജനകീയപോരാട്ടങ്ങളിലൂടെ നേരിടുമെന്നും  കോടിയേരി പറഞ്ഞു.