pinarayi vijayanകോഴിക്കോട്: എന്‍.എസ്.സ്, ജോണ്‍ബ്രിട്ടാസ് വിഷയങ്ങളില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിക്കുന്നു. ദേശാഭിമാനി ദിനപത്രത്തില്‍ ‘വിഭാഗീയത സ്വപ്‌നം കാണുന്നവര്‍ നിരാശരാകും’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ട്ടി വിഭാഗീയതയുമായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന് മറുപടിയെന്നോണമാണ് പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം.

‘കൈരളി’ക്കു രൂപംകൊടുക്കുന്ന ഘട്ടത്തില്‍തന്നെ അത്തരമൊരു ചാനലിന്റെ ആവശ്യകത ബോധ്യപ്പെട്ട് ഞങ്ങള്‍ അതിനെ സഹായിച്ചിരുന്നുവെന്ന് ലേഖനത്തില്‍ പിണറായി വ്യക്തമാക്കുന്നു. ‘ആരംഭം മുതല്‍ കൈരളിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ബ്രിട്ടാസ് എട്ടുവര്‍ഷത്തോളമായി മുഖ്യചുമതലക്കാരനായി പ്രവര്‍ത്തിക്കുന്നു. ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനായി മാറാന്‍ ഈ അനുഭവത്തിലൂടെ ബ്രിട്ടാസിന് കഴിഞ്ഞു എന്ന് ആരും സമ്മതിക്കും.

മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക് കൂടുതല്‍ കഴിവുനേടാന്‍ ഒരു ദേശീയ നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ബ്രിട്ടാസിനുണ്ടായി. അതിന്റെ ഭാഗമായി കൈരളിയുടെ ചുമതലയില്‍നിന്ന് ഒഴിഞ്ഞു. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് കൈരളി ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ എന്നെയും ക്ഷണിച്ചു. പ്രതിസന്ധിയിലും ധനനഷ്ടത്തിലും പ്രവര്‍ത്തിച്ച കൈരളിയെ ബ്രിട്ടാസിന് ചുമതലയുണ്ടായ ഘട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും പ്രതിസന്ധി പരിഹരിച്ചതും ലാഭത്തിലാക്കിയതും ഓഹരിയുടമകള്‍ക്ക് ഡിവിഡന്റ് നല്‍കുന്നതിലേക്കെത്തിച്ചതും രണ്ടു ചാനലുകള്‍കൂടി ആരംഭിച്ചതും എല്ലാം ഓര്‍ത്തുകൊണ്ടാണ് ഞാന്‍ ആ യോഗത്തില്‍ സംസാരിച്ചത്.

ഈ നേട്ടങ്ങളെല്ലാം കൈരളിയില്‍ ബ്രിട്ടാസ് നേതൃത്വംകൊടുത്തു വളര്‍ത്തിയെടുത്ത കൂട്ടായ്മയുടെ ഭാഗമാണ് എന്നും വിശദീകരിച്ചു. മര്‍ഡോക്കിന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാനാണ് ബ്രിട്ടാസ് പോയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. റൂപ്പര്‍ട്ട് മര്‍ഡോക്ക് പ്രതിനിധാനംചെയ്യുന്ന ആഗോള മാധ്യമക്കുത്തകയോട് സി.പി.ഐ.എമ്മിനുള്ള കഠിനമായ എതിര്‍പ്പ് ഞങ്ങള്‍ ഒരുകാലത്തും മറച്ചുവച്ചിട്ടില്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ കൈരളി വിട്ട് ഒരു ബഹുരാഷ്ട്ര കുത്തകയുടെ മാധ്യമത്തില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പ്രശ്‌നമാണ്. ഒരാള്‍ അങ്ങനെയൊരു തീരുമാനമെടുത്തു എന്നതുകൊണ്ടുമാത്രം അതുവരെ അദ്ദേഹം നല്‍കിയ സേവനങ്ങളെ വിസ്മരിക്കുക എന്ന സമീപനവും ഞങ്ങളില്‍ നിന്നില്ല.

അതേസമയം, കോര്‍പറേറ്റ് മാധ്യമങ്ങളുടെ കടന്നുകയറ്റം; ജനമനസ്സുകളെ കീഴടക്കാനുള്ള അവയുടെ രാഷ്ട്രീയ അജന്‍ഡ എന്നിവയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ടതിന്റെ പ്രാധാന്യം ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. ഇതേവരെ കൈരളിയോടൊപ്പം നിന്നുകൊണ്ട് ബ്രിട്ടാസ് ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ബഹുരാഷ്ട്ര കുത്തക സ്ഥാപനത്തിന്റെ താല്‍പ്പര്യവും തമ്മില്‍ വൈരുധ്യം സ്വാഭാവികമാണ്. അതിനെക്കുറിച്ച് ഇപ്പോഴേ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല.

എന്‍.എസ്.എസിനെതിരെ

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി വഹിക്കുന്ന സുകുമാരന്‍നായര്‍ വിഎസിനെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ കേരളീയ സംസ്‌കാരത്തിന് ചേര്‍ന്നതായില്ലെന്ന് പിണറായി വ്യക്തമാക്കുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തനിക്ക് അഭിപ്രായവ്യത്യാസമുള്ളവരെ പരസ്യമായും നിന്ദ്യമായ ഭാഷയിലും അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമായ കൃത്യമാണ്. ഇത്തരം പ്രകടനങ്ങളിലൂടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ സമൂഹത്തിനുമുന്നില്‍ ചെറുതാകുകയാണെന്ന് അവര്‍ ഓര്‍ക്കണം. വി എസിനെ ഇവ്വിധം അധിക്ഷേപിച്ചു സംസാരിച്ചതിലൂടെ അതിനുമുമ്പുണ്ടായിരുന്ന സുകുമാരന്‍നായര്‍ സ്വയം ചെറുതായി. ആക്ഷേപവാക്കുകള്‍ അദ്ദേഹം പിന്‍വലിക്കുകയാണു വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.