തിരുവനന്തപുരം: സി.പി.ഐ.എം-ബി.ജെ.പി സഹകരണമുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഈ ഗൂഢാലോചനയില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അങ്കലാപ്പിലായിരിക്കയാണ്. ഈ പ്രചാരണം കൊണ്ട് ഗുണമുണ്ടാവുക അവര്‍ക്കാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ബി.ജെ.പി സഹായം ലഭിക്കുന്നുണ്ട്. ആ ബന്ധമാണ് തങ്ങള്‍ക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. ഒരു വര്‍ഗീയ ശക്തികളുടെയും ഒരു തരത്തിലുള്ള പിന്തുണയും ഇടതുമുന്നണിക്ക് ആവശ്യമില്ലെന്നും തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടുമായി യു.ഡി.എഫിനുള്ള ബന്ധം ഇടുക്കിയിലെ ലീഗ് നേതാവ് തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. വോട്ട് മറിച്ചു കൊടുക്കുന്നതിനെ ന്യായീകരിക്കുന്ന രീതിയില്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്.

ബി.ജെ.പിയും ആര്‍.എസ്.എസുമായി കോണ്‍ഗ്രസിനുള്ള ബന്ധം കേരളത്തില്‍ പരക്കെ അറിയാവുന്നതാണ്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പുത്തിഗെ, ദേഹമ്പാടി തുടങ്ങിയ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വരികയാണ്.

കുറച്ച് വോട്ടിന് വേണ്ടിയോ അധികാരത്തിന് വേണ്ടിയോ ഒരിക്കലും ബി.ജെ.പിയുമായി കൂട്ട്‌കെട്ടുണ്ടാക്കാന്‍ ഇടതുപക്ഷം ശ്രമിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലും ബി.ജെ.പി പിന്തുണ വാഗ്ദാനം ചെയ്തപ്പോള്‍ അത് നിരസിക്കുകയാണ് ഇടതുപക്ഷം ചെയ്തത്. ബി.ജെ.പി പിന്തുണച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുക പോലുമുണ്ടായി.

പൊതു സമ്മതരും വര്‍ഗീയ വിരുദ്ധരുമായ സ്വതന്ത്രര്‍ മത്സരിക്കുമ്പോള്‍ സി.പി.ഐ.എം ജയസാധ്യതയില്ലാത്ത സീറ്റുകളില്‍ അവരെ പിന്തുണക്കുമെന്ന് പിണറായി പറഞ്ഞു. ജനപക്ഷം,പി.ഡി.പി സ്വതന്ത്രരെ പിന്തുണക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാണി-ജോസഫ് ലയനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മതം എന്ന ഘടകമാണ്. അതുകൊണ്ടാണ് ലയനം വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് ഞങ്ങള്‍ പറഞ്ഞത്. ലയനം കൊണ്ട് അവര്‍ ഉദ്ദേശിച്ചതെന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മതനിരപേക്ഷ വിരുദ്ധ നീക്കത്തിന് വിരുദ്ധമായിരുന്നു ഇത്. ചില പുരോഹിതന്‍മാര്‍ വിശ്വാസികള്‍ സി.പി.ഐ.എം വിടണമെന്ന ആഹ്വാനം പോലും നടത്തി. എന്നാല്‍ ഇതിനെ വിശ്വാസികള്‍ ചോദ്യം ചെയ്യുകയുണ്ടായി. ചില പുരോഹിതന്‍മാര്‍ ഇത്തരം ഇടയ ലേഖനങ്ങള്‍ വായിക്കാന്‍ തയ്യാറായില്ല.

ബാബരി മസ്ജിദ് കേസില്‍ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കോടതി വിധി അപകടകരമായ സ്ഥിതിയുണ്ടാക്കും. കോടതി തെളിവുകളുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലാണ് വിധി പറയേണ്ടത്. അല്ലാതെ വിശ്വാസം നോക്കിയല്ല. ബാബരി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ നടപടിയാണ്. എന്നാല്‍ തകര്‍ക്കലിനെ ന്യായീകരിക്കുന്നതായി മാറി കോടതി വിധി. പ്രശ്‌നം കോടതിയിലൂടെ തന്നെ പരിഹരിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും പിണറായി പറഞ്ഞു.