എഡിറ്റര്‍
എഡിറ്റര്‍
ജോയ്‌സ് ജോര്‍ജ്ജ് കയ്യേറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി; ജോയ്‌സിനെതിരെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പി.ടി തോമസ്
എഡിറ്റര്‍
Thursday 4th May 2017 4:19pm

 

തിരുവനനന്തപുരം: കൊട്ടക്കമ്പൂര്‍ ഭൂമി കയ്യേറ്റ ആരോപണത്തില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോയ്‌സ് ജോര്‍ജ്ജിനെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.


Also read ‘ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളു’; ആര്‍.എസ്.എസ്സിന്റെ ആയുധപരിശീലനം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ച് വി.ടി ബല്‍റാം


എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ശേഷമാണ് ജോയ്‌സ് ജോര്‍ജ്ജിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുപ്പെടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ കഴമ്പില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും പറഞ്ഞു.

സഭയില്‍ ഇല്ലാത്ത ജോയ്‌സിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കാനാവശ്യമായ നടപടികള്‍ സ്പീക്കര്‍ സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ജോയ്‌സിന്റെ അച്ഛന്‍ വിലയ്ക്ക് വാങ്ങിയ ഭൂമിയാണ് പിന്നീട് ജോയ്‌സിന് ലഭിച്ചതെന്നും പിണറായി പറഞ്ഞു.

കയ്യേറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു 32 ഏക്കര്‍ ഭൂമി ജോയ്‌സ് കയ്യേറിയതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചത്. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ റവന്യു മന്ത്രി വിഷയം പരാമര്‍ശിച്ചില്ലെങ്കിലും ചര്‍ച്ചയവസാനിച്ചയുടന്‍ പിണറായി ജോയ്‌സിനെ ന്യായീകരിച്ച് രംഗത്തെത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ പി.ടി തോമസ് ജോയ്‌സ് ജോര്‍ജ്ജിനെതിരെ ദേവികുളം സ്‌റ്റേഷനില്‍ 8 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരോപിച്ചു. നിയമസഭയില്‍ പിണറായി അംഗങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും പറഞ്ഞു. കേസുകള്‍ ഇല്ലെന്ന് സഭയില്‍ പറഞ്ഞതിനെതിരെയാണ് പി.ടി തോമസിന്റെ വിമര്‍ശനം.

Advertisement