ഒഞ്ചിയം: പിണറായി വിജയന്‍ വര്‍ഗ്ഗവഞ്ചകനായിട്ട് വര്‍ഷങ്ങളായെന്ന് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ. പിണറായിയെ പോലുള്ള രാഷ്ട്രീയ നേതാവിന് രാജ്യത്ത് നിലനില്‍ക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. വി.എസ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തേണ്ട സമയം എന്നോ അതിക്രമിച്ചെന്നും രമ പറഞ്ഞു.  പാര്‍ട്ടി വിട്ടു പുറത്തേക്ക് വരുന്ന കാര്യം അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മറ്റിയംഗവുമായ വി.എസ്. വന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് രമയുടെ ഈ പരാമര്‍ശം.

ഒഞ്ചിയത്തുള്ളവരും സഖാക്കളാണെന്നും പാര്‍ട്ടി വിട്ടു പോയവരെ അനുനയിപ്പിക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും  വി.എസ്. ഇന്നലെ പിണറായിക്കെതിരെ പരോക്ഷമായി വിമര്‍ശനം നടത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടറി പറയുന്നതല്ല സി.പി.ഐ.എമ്മിലെ അവസാന വാക്കെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ തെറ്റായ നയങ്ങളെ ചൂണ്ടിക്കാട്ടുന്നത് പാര്‍ട്ടി നയമാണ് അതില്‍ കഴമ്പുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണണം. ആശയപരമായി പ്രവര്‍ത്തകര്‍ക്ക് എതിരഭിപ്രായമുണ്ടായാല്‍ അതും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടതെന്നും വി.എസ്. ഇന്നലെ പറഞ്ഞിരുന്നു.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സി.പി.ഐ.എം. നേതൃത്വം തങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളെ തടയിടാന്‍ പ്രയാസപ്പെടുകയാണ്. അതേ സമയം വി.എസിന്റെ ഇന്നലത്തെ പ്രസ്താവയ്ക്ക് ശേഷം നിരവധി പോസ്റ്ററുകള്‍ പിണറായിക്കെതിരെ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിണറായി വിജയനെയും വി.വി.ദക്ഷിണാമൂര്‍ത്തിയെയും അടച്ചാക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്ററുകളിലെ ഉള്ളടക്കം. രാത്രിയോടെ തന്നെ ഇത്തരം പോസ്റ്ററുകള്‍ നിക്കം ചെയ്യുകയും ചെയ്തു. നീക്കുകയും ചെയ്തു.