കൊച്ചി: ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനമെടുത്തത് പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് ദിലീപ് രാഹുലന്‍ മൊഴി നല്‍കി. പിണറായികൂടി പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തതെന്നും രാഹുലന്‍ ദുബൈ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. അറബിമൊഴിയുടെ വിവര്‍ത്തനം ചെയ്ത പകര്‍പ്പ് സി ബി ഐ കോടതിക്ക് കൈമാറി.

ഇന്ത്യന്‍ എംബസിക്ക് കൈമാറിയ മൊഴി വിദേശകാര്യമന്ത്രാലയം വഴി സി ബി ഐക്ക് കൈമാറുകയായിരുന്നു. നേരത്തെ ടെക്‌നിക്കാലിയയെ നിയമിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ലാവലിന്‍ കമ്പനിയുടെ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജരായിരുന്നു ദിലീപന്‍. ഇതോടെ കരാറില്‍ ടെക്‌നിക്കാലിയയുടെ നിയമനത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.

വൈദ്യുതി ബോര്‍ഡിലെ മുഖ്യ ഉപദേഷ്ടാവായ കെ ജി രാജശേഖരന്‍ നായര്‍ക്കും മകനും ദുബൈയിലെ തന്റെ കമ്പനിയില്‍ ജോലി നല്‍കിയിരുന്നെന്നും ദിലീപ് പറഞ്ഞിരുന്നു. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ ക്ലോസ് ട്രെന്‍ഡ് സി ബി ഐ സമന്‍സ് കൈപ്പറ്റിയില്ല. വിദേശകാര്യമന്ത്രാലയം വഴി സമന്‍സ് ഒരിക്കല്‍ക്കൂടി അയക്കുമെന്ന് സി ബി ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.