Categories

നീറ്റ് പരീക്ഷാ പരിശോധന; പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത കടുത്ത മനുഷ്യാവകാശ ലംഘനം: പിണറായി

 

തിരുവനന്തപുരം: നീറ്റ് പ്രവേശനപ്പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്നു വരുന്ന പരാതികള്‍ ശരിയെങ്കില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Also read പാക് പൗരന്‍ തന്നെ തോക്ക് ചൂണ്ടി വിവാഹം കഴിക്കുകയായിരുന്നെന്ന പരാതിയുമായി ഇന്ത്യന്‍ യുവതി ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍


പ്രവേശന പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടന്നെന്ന വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് പിണറായി പ്രതികരണവുമായെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ വിമര്‍ശനങ്ങള്‍.

പരീക്ഷാ നടത്തിപ്പുമായ് ബന്ധപ്പെട്ട് പല പരാതികളും ഉയര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിതമാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദേശിച്ചതുമുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിച്ചതും ഒക്കെ പെടുമെന്ന് മുഖ്യമന്ത്രി പറയുന്നു.

‘മുഴുക്കയ്യന്‍ ഷര്‍ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ടിന്റെ കൈ മുറിച്ച് പ്രശ്‌നം പരിഹരിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും ഊരി മാറ്റേണ്ടിയും വന്നു. അതിനും പുറമേ അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നാണ് മനസ്സിലാക്കുന്നതെ’ന്നും പറയുന്ന പിണറായി ഇത് ശരിയാണെങ്കില്‍ ഇത് കടുത്ത മനുഷ്യാവകാശലംഘനമാണ് നടന്നതെന്ന് പറയുന്നു.

പരീക്ഷയെഴുതുവാന്‍ തയ്യാറായി വരുന്ന കുട്ടികളുടെ മാനസികനിലയെ പോലും തകര്‍ക്കുന്നവിധത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നതെന്നും ഒരു പരിഷ്‌കൃതസമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കുവാനാകാത്ത ജുഗുപ്‌സാവഹമായ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ പാടില്ലെന്നും പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിതമാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദേശിച്ചതുമുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിച്ചതും ഒക്കെ അതില്‍ പെടും.

മുഴുക്കയ്യന്‍ ഷര്‍ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ടിന്റെ കൈ മുറിച്ച് പ്രശ്‌നം പരിഹരിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും ഊരി മാറ്റേണ്ടിയും വന്നു. അതിനും പുറമേ അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നാണ് മനസ്സിലാക്കുന്നത്. ശരിയാണെങ്കില്‍, ഇത് കടുത്ത മനുഷ്യാവകാശലംഘനമാണ്.

പരീക്ഷയെഴുതുവാന്‍ തയ്യാറായി വരുന്ന കുട്ടികളുടെ മാനസികനിലയെ പോലും തകര്‍ക്കുന്നവിധത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നത്. ഒരു പരിഷ്‌കൃതസമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കുവാനാകാത്ത ജുഗുപ്‌സാവഹമായ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ പാടില്ല.’

Tagged with: