പാലക്കാട്: ആര്‍.എസ്.എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.ഐ.എമ്മില്‍ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റാനാനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടൂരിലെ വിമതരെ അനുനയിപ്പിക്കാന്‍ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

Ads By Google

ആര്‍.എസ്.എസ് അടക്കമുള്ള ഭൂരിപക്ഷ വര്‍ഗീയ സംഘടനകള്‍ സി.പി.ഐ.എം ന്യൂനപക്ഷ വിരുദ്ധമാണെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടിയെ  ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയശക്തികള്‍ എപ്പോഴും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ ഒരു ശക്തിക്കും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആര്‍.എസ്.എസ് മുഖപത്രം നടത്തുന്നത് ബോധപൂര്‍വ്വമായ പ്രചരണമാണ്. എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യത്തില്‍ സന്തോഷിക്കുന്നത് ആര്‍.എസ്.എസ്സാണ്. ഇതിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ജാതി-മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത്. ഇവര്‍ പ്രചരിപ്പിക്കുന്നത് പോലെ വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷികളോട് യാതൊരു ഒത്തു തീര്‍പ്പിനും പാര്‍ട്ടി തുനിഞ്ഞിട്ടില്ല. ഹൈന്ദവ ഏകീകരണം ആര്‍.എസ്.എസിന്റെ അജണ്ടയാണ്. ഹൈന്ദവ ഏകീകരണം എന്ന മുദ്രാവാക്യത്തിലൂടെ വര്‍ഗീയപ്രീണനം നടക്കുമോയെന്നാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കണം. ഇതില്‍ വളരെ വ്യക്തമായ നിലപാടാണ് സി.പി.ഐ.എമ്മിനുള്ളത്. കൊലക്കത്തിയുമായി വരുന്ന വര്‍ഗീയ ശക്തികളെ തടയുന്നത് സി.പി.ഐ.എം വളണ്ടിയര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുണ്ടൂരില്‍ തര്‍ക്കമുണ്ടായതായി പിണറായി

മുണ്ടൂരിലെ സി.പി.ഐ.എമ്മിനുള്ളില്‍ ചില സംഘടനാപ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിയില്‍ സംഘടനാ പ്രശ്‌നങ്ങളുണ്ടായി എന്നത് വാസ്തവമാണ്. എന്നാല്‍ അതല്ല മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നിട്ടുള്ളത്. വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുണ്ടൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പിണറായി തുറന്ന് പറഞ്ഞത്. പി.എ ഗോകുല്‍ദാസിന്റെ തരംതാഴ്ത്തലിനെ തുടര്‍ന്നുണ്ടായ വിമതപ്രശ്‌നങ്ങള്‍ക്കിടെ പാര്‍ട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുണ്ടൂരില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ കീഴ്ക്കമ്മിറ്റി മേല്‍ക്കമ്മിറ്റിക്ക് പരാതി കൊടുത്തിരുന്നു. സംഘടനാപ്രശ്‌നങ്ങള്‍ സംഘടനാരീതിയില്‍ പാര്‍ട്ടി എപ്പോഴും കൈകാര്യം ചെയ്യാറുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ഇവിടെ പ്രചരിപ്പിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും പിണറായി പറഞ്ഞു.