Categories

ഭൂമാഫിയക്കുവേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണം അട്ടിമറിക്കുന്നു: പിണറായി

തൃശൂര്‍: മിച്ചഭൂമി ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ന്നാല്‍ കൈയ്യേറി അവകാശം സ്ഥാപിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Ads By Google

ഭൂമാഫിയക്കുവേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണം അട്ടിമറിക്കുകയാണ്. കേരളത്തിലെ മിച്ചഭൂമിയും നെല്‍വയലുകളും തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ഭൂമാഫിയക്ക് ഒത്താശ ചെയ്യുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

ഭൂമാഫിയക്കാര്‍ തട്ടിയെടുത്ത മിച്ചഭൂമിയും റവന്യൂഭൂമിയും സമരഭടന്‍മാര്‍ ചൂണ്ടിക്കാട്ടും. ഇവ വിതരണം ചെയ്യാനാവശ്യമായ നടപടിയെടുക്കാത്തപക്ഷം കൈയ്യേറി കുടില്‍കെട്ടി അവകാശം സ്ഥാപിക്കും.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രവും ഭരിച്ചിട്ടും സ്വന്തം മുദ്രാവാക്യമായ ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇത് യാദൃശ്ചികമല്ല ബോധപൂര്‍വ്വമാണ്.

കേരളത്തില്‍ നിലവില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭൂപരിഷ്‌കരണനിയമം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയത്. അതുകൊണ്ടാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി ലഭിക്കാത്തത്.

തോട്ടമല്ലാത്ത ഭൂമിയും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും ധാരാളമുണ്ട്. കൈവശമുള്ള മിച്ചഭൂമി സംരക്ഷിക്കാന്‍ കശുമാവ് നടാന്‍ നിര്‍ദേശം കൊടുത്തത് ഈ സര്‍ക്കാരാണ്.

ജനങ്ങളോട് ഒന്നു പറയുകയും മറ്റൊന്ന് ചെയ്യുകയുമാണ് കാലാകാലം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. കേരളത്തില്‍ ആദ്യം അധികാരത്തിലെത്തിയ ഇ.എം.എസ് സര്‍ക്കാര്‍ ആദ്യം ചെയ്തത് ഭൂപരിഷ്‌കരണം നടപ്പിലാക്കുകയായിരുന്നു.

ഭൂപരിഷ്‌കരണനിയമം നിയമസഭ അംഗീകരിച്ച് രാഷ്ട്രപതിക്കയച്ചുവെങ്കിലും അംഗീകാരം നല്‍കിയില്ല. അത് നടപ്പാക്കാന്‍ പാടില്ലെന്ന ശാഠ്യമായിരുന്നു കോണ്‍ഗ്രസിന്്. 1959 ല്‍ ജനാധിപത്യവിരുദ്ധമായി സര്‍ക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് 1967 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരാണ് പിന്നീട് ഭൂപരിഷ്‌കരണനിയമത്തിന്റെ തുടര്‍ച്ചയായ കാര്യങ്ങള്‍ നടത്തിയത്.

പട്ടികവിഭാഗക്കാര്‍ക്ക് 10 സെന്റു മാത്രം കൊടുത്തുവെന്നാണ് അവര്‍ പറയുന്നത്. പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നതിന് തടസ്സം നിന്ന കോണ്‍ഗ്രസിനെതിരെ ഇവര്‍ ഒരക്ഷരം പറയുന്നില്ല. ഇക്കാര്യത്തിലും കമ്യൂണിസ്റ്റ് വിരുദ്ധതത പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

സ്വന്തം ഭൂമിയെന്ന അഭിമാനം പാവപ്പെട്ടവര്‍ക്ക് നല്‍കിയത് കമ്യൂണിസ്റ്റ് സര്‍ക്കാരുകളാണ്. അക്കാര്യം ഇന്ന് കേരളത്തിലെ ചില സംഘടനകള്‍ മനസിലാക്കുന്നില്ല.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് പട്ടയം നല്‍കി റിക്കാര്‍ഡിട്ടു. യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ച സി.കെ ജാനുവിന് ഭൂമി നല്‍കിയത് എല്‍.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ഭൂസമരത്തെ അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് എറണാകുളം കടമക്കുടിയില്‍ സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

സമരവളണ്ടിയര്‍മാര്‍ ചൂണ്ടിക്കാണിക്കുന്ന മിച്ചഭൂമി ഏറ്റെടുക്കാനും ഭൂരഹിതകര്‍ക്ക് വിതരണം ചെയ്യാനും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ഭൂസമരത്തിലൂടെ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ റവന്യൂ മന്ത്രി അധിക്ഷേപിക്കുകയാണ്. പാര്‍ട്ടി ആഹ്വാനം ചെയ്തതിലും കൂടുതല്‍ ആളുകള്‍ സമരഭൂമിയിലേക്ക് എത്തുന്നുണ്ട്.

കപില്‍ ദേവും കൂട്ടരും ആരംഭിക്കാനിരിക്കുന്ന മെഡിസിറ്റി കേരളത്തില്‍ നിന്നും മുംബൈയിലേക്കോ ഗുജറാത്തിലേക്കോ കൊണ്ടുപോകുന്നതാകും നല്ലതെന്നും വി.എസ് പറഞ്ഞു.

അതേസമയം സി.പി.ഐ. എമ്മിന്റെ സമരതന്ത്രം അറിഞ്ഞായിരിക്കും ഭൂസമരത്തെ നേരിടുകയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.