തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ സമരത്തിന് ജനപിന്തുണ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തെ സംഘടനാ നേതാക്കള്‍ തന്നെ തള്ളിപ്പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് സമരത്തിന് പിന്നില്‍. പ്രശ്‌നം തെറ്റായ രീതിയിലേക്ക് വഴിതിരിച്ചുവിടുകയാണ്. വന്‍കിടക്കാര്‍ക്കെതിരായ ഒഴിപ്പിക്കല്‍ നടപടിയെ ഇത് ദുര്‍ബലപ്പെടുത്തുന്നു.

പെമ്പിളൈ ഒരുമൈയുടെ സമരം അടിച്ചമര്‍ത്താന്‍ പറഞ്ഞു എന്നത് ശരിയല്ലെന്നും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നവര്‍ക്കെതിരെയാണ് കേസെടുത്തതെന്നും പിണറായി പറഞ്ഞു.

അതേസമയം മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം തുടരുകയാണ്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. മണി രാജിവെക്കും വരെ സമരം തുടരമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

മണിയുമായി നിയമസഭയില്‍ സഹകരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതുവഴി സഭയില്‍ മണിയെ ബഹിഷ്‌ക്കരിക്കുമെന്നും പ്രതിപക്ഷം ഒന്നടങ്കം അറിയിച്ചു.