എഡിറ്റര്‍
എഡിറ്റര്‍
ചില ശീലങ്ങളില്‍ നിന്ന് മാറി നിന്നിരുന്നെങ്കില്‍ മണി ചെറിയ പ്രായത്തില്‍ മരിക്കില്ലായിരുന്നു: പിണറായി വിജയന്‍
എഡിറ്റര്‍
Monday 6th March 2017 11:22am

തൃശൂര്‍: ചില ശീലങ്ങള്‍ മണിയുടെ മരണത്തിന് കാരണമായെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം.

ചില ശീലങ്ങളില്‍ നിന്ന് മാറി നിന്നിരുന്നെങ്കില്‍ കലാഭവന്‍ മണി ഇത്ര ചെറിയ പ്രായത്തില്‍ മരിക്കില്ലായിരുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

കുറച്ച് ചിട്ടയായ ജീവിതം, കൂട്ടുകെട്ടില്‍ നിന്നുള്ള ഒഴിവാക്കല്‍, ചില ശീലങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവയുണ്ടായിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ഓര്‍ത്തുപോകുകയാണ്. അങ്ങനെയായിരുന്നെങ്കില്‍ ഇനിയും എത്രയോ കാലത്തേക്ക് മണിയെ നമുക്ക് കിട്ടിയേനെ.

ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണ് താരപരിവേഷത്തിന് മാറ്റുകൂട്ടുക എന്ന കരുതി കഴിയുന്ന ഒട്ടേറെ കലാകാരന്‍മാര്‍ നമുക്കിടയിലുണ്ട്. അവരില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു മണിയെന്നും പിണറായി പറയുന്നു.

ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാധാരണക്കാരനായി ജീവിച്ച താരമായിരുന്നു മണിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാഭവന്‍ മണിയുടെ മരണത്തിലെ അന്വേഷണം പോലീസ് അട്ടിമറിച്ചെന്ന ആരോപിച്ച് മണിയുടെ സഹോദരന്‍ നിരാഹാരസമരം നടത്തുന്നടിനിടെയാണ് മണിയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന സൂചന നല്‍കിക്കൊണ്ടുള്ള പിണറായിയുടെ പ്രസംഗം.

അതേസമയം മണിയുടെ സഹോദരങ്ങള്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നിരാഹാര സമര പന്തലില്‍ നിന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. മന്ത്രിമാരായ എസി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍ ഉള്‍പ്പടെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.

മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ സ്വാഭാവികമരണമോ എന്ന് സ്ഥിരീകരിക്കാനാവാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു പ്രത്യേക അന്വേഷണ സംഘം. സി.ബി.ഐയ്ക്ക് വിട്ടെങ്കിലും കേസ് അവരും ഏറ്റെടുത്തിട്ടില്ല.

മണിയുടെ സഹോദരന്‍ രാമകൃഷ്ണനാണ് മണിയുടേത് കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

മണിയുടെ മാനെജര്‍ ജോബി, സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍, പീറ്റര്‍ എന്നിവരെയും പാഡിയിലെ ആഘോഷരാവില്‍ പങ്കെടുത്തവരെയും നിരവധി തവണ ചോദ്യം ചെയ്യുകയും നുണപരിശോധനയും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതക സൂചനകളുള്ള മൊഴികള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതിനിടെയായിരുന്നു കാക്കനാട് ഫോറന്‍സിക് ലാബില്‍ നിന്നും മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നത്. ശരീരത്തില്‍ ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെ അംശവും മെഥനോളും കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.

വിശദപരിശോധനകള്‍ക്കായി വീണ്ടും ആന്തരീകാവയവങ്ങള്‍ ഹൈദ്രാബാദിലെ കേന്ദ്രലാബിലേക്ക് അയച്ചെങ്കിലും ഫലം വന്നപ്പോള്‍ ക്ലോര്‍ പൈറിഫോസിന്റെ അംശം ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

Advertisement