തിരുവനന്തപുരം: ബജറ്റ് ആരും ചോര്‍ത്തിയിട്ടില്ലെന്നും പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

Subscribe Us:

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു എന്ന വിഷയത്തില്‍ പരിശോധന നടത്തുമെന്നും പിണറായി പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് ആര്‍ക്കും കൊടുക്കാറില്ല.

ബജറ്റിലെ വായിച്ചു കഴിഞ്ഞ പ്രധാനഭാഗങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നതെന്നും പിണറായി പറഞ്ഞു. വിഷയത്തില്‍ ധനമന്ത്രി കൂടുതല്‍ വിശദീകരണം നല്‍കുമെന്നും പിണറായി പറഞ്ഞു.

ബജറ്റ് പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ബജറ്റിന്റെ കോപ്പി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബജറ്റ് ചോര്‍ന്നതായി ആരോപണം ഉന്നയിച്ചത്.

‘സാധാരണയായി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനുശേഷമാണ് മാധ്യമങ്ങള്‍ക്കും എം.എല്‍.എമാര്‍ക്കും ഈ കോപ്പി കിട്ടാറുള്ളത്. എന്നാല്‍ ധനമന്ത്രിയുടെ പ്രസംഗം സോഷ്യല്‍ മീഡിയകളിലൂടെ ലഭിച്ചിരിക്കുകയാണ്. ധനമന്ത്രി ഇനി വായിക്കാന്‍ പോകുന്നത് താന്‍ വായിക്കാം’ എന്നും കോപ്പി ഉയര്‍ത്തിക്കാട്ടി ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പരിശോധിച്ചശേഷം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ അറിയിച്ചു.

ബജറ്റ് ചോര്‍ത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം സംബന്ധിച്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ചില പ്രധാന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അതാണ് പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാല്‍ മുഖ്യമന്ത്രി പറയുന്നതുപോലെയല്ല കാര്യമെന്നും ഇത് ഗുരുതരമായ പ്രശ്നമാണെന്നും ബജറ്റ് പൂര്‍ണമായി താന്‍ ഇവിടെ വായിച്ചുനല്‍കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല വെല്ലുവിളിക്കുകയും ചെയ്തു.