കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ ചിലരെ സാങ്കല്‍പ്പിക പ്രതികളാക്കാന്‍ വ്യാപക പ്രചരണം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇതിന് പിന്നാലെ പോകാന്‍ പൊലീസ് തയ്യാറല്ലെന്നും പിണറായി പറഞ്ഞു.

സാങ്കല്‍പ്പിക പ്രതികളിലേക്ക് ഒരിക്കലും പൊലീസ് പോകില്ല. സംഭവം നടന്ന ഉടനെ തന്നെ ഇതുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെ കുറ്റവാളികളായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും പിണറായി കുറ്റപ്പെടുത്തി.

മലയാള സിനിമാ രംഗത്തെ അധോലോകം കീഴടക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ സിനിമാ ലോകത്തെ അധോലോകം കീഴടക്കാന്‍ വന്നാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും പിണറായി പറഞ്ഞു.

ഇന്നലെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ അഭിനന്ദിച്ച് പിണറായി രംഗത്തെത്തിയിരുന്നു. പൊലീസിന്റേത് അഭിനന്ദനാര്‍ഹമായ നടപടിയാണെന്നും കേസന്വേഷണം മികച്ച രീതിയില്‍ തന്നെ നടക്കുമെന്നും പിണറായി പ്രതികരിച്ചിരുന്നു.