എഡിറ്റര്‍
എഡിറ്റര്‍
ജനാധിപത്യത്തോടും മതനിരപേക്ഷതയുടെയും പുച്ഛമുള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ യോഗി ആദിത്യനാഥിനെപ്പോലൊരു ക്രിമിനലിനെ മുഖ്യമന്ത്രിയാക്കാന്‍ കഴിയൂ: പിണറായി
എഡിറ്റര്‍
Monday 20th March 2017 9:56am

തിരുവനന്തപുരം: വര്‍ഗീയ കലാപങ്ങളുടെയും, അസഹിഷ്ണുതയുടെയും, വെറുപ്പിന്റെയും പ്രതീകമായിരുന്നു എന്നും യോഗി ആദിത്യനാഥെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവശേഷിക്കുന്ന മത സൗഹാര്‍ദത്തെ തകര്‍ക്കാന്‍ സാധിക്കുന്നതാണ്. 2007 ല്‍ വര്‍ഗീയ കലാപങ്ങളുടെ ഒരു നിരയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് യോഗി ആദിത്യനാഥെന്നും പിണറായി പറയുന്നു.

ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനെ ഒരു പാക്കിസ്ഥാന്‍ തീവ്രവാദി സംഘടനയുടെ തലവനായ ഹാഫിസ് മുഹമ്മദുമായി താരതമ്യപ്പെടുത്തുന്ന അറ്റം വരെ അദ്ദേഹം പോയിട്ടുണ്ടെന്നു മറന്നു കൂടാ.

മദര്‍ തെരേസ, അമീര്‍ ഖാന്‍, തുടങ്ങി നമ്മള്‍ ബഹുമാനിക്കുന്ന നിരവധി സാമൂഹ്യ-സാംസ്‌കാരിക നേതാക്കളെ താറടിച്ചു കാണിച്ചിട്ടുള്ള ആളാണ് യോഗി ആദിത്യനാഥ്. സൂര്യനമസ്‌ക്കാരം അനുഷ്ഠിക്കാത്തവരോട് പാക്കിസ്ഥാനിലേക്ക് പോകാനും ഇദ്ദേഹം പറയുകയുണ്ടായി.

അയോധ്യ വിഷയത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാധാന്യം നഷ്ടപ്പെടുന്നുവെന്നു തോന്നിയ സന്ദര്‍ഭത്തില്‍, വിഷം വമിക്കുന്ന വര്‍ഗീയ പ്രചാരണത്തിലൂടെ ബി.ജെ.പി. അജണ്ടയുടെ മുന്‍നിരയിലേക്ക് അയോധ്യയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നത് യോഗി ആദിത്യ നാഥാണ്.


Dont Miss സ്ത്രീകളുടെ ജോലി പരദൂഷണം പറയലെന്ന് ലീഗ് എം.എല്‍.എയുടെ ആക്ഷേപം; അതേവേദിയില്‍ ചുട്ട മറുപടിയുമായി ബൃന്ദ കാരാട്ട് 


ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തിന്റെ നേതാവായ യോഗി ആദിത്യനാഥ് ദളിതരുടെയും, പിന്നോക്ക വിഭാഗത്തിന്റെയും, ന്യൂനപക്ഷത്തിന്റെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് എന്നും അവജ്ഞ പുലര്‍ത്തിയിരുന്നു.

ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ വര്‍ഗീയ കലാപത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന രീതി തുടരുമെന്ന സന്ദേശമാണ് ബി.ജെ.പി.രാജ്യത്തിന് നല്‍കുന്നത്.

ജനാധിപത്യത്തോടും മതനിരപേക്ഷതയുടെയും അത്ര മാത്രം പുച്ഛമുള്ള ഒരു പാര്‍ട്ടിക്കു മാത്രമേ ഇത്തരത്തിലൊരു വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും പിണറായി പറയുന്നു.

Advertisement