എഡിറ്റര്‍
എഡിറ്റര്‍
ശിവസേനയുടെ സാദാചാര ഗുണ്ടായിസം: പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Thursday 9th March 2017 9:50am

 

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയതായി മുഖ്യന്ത്രി പിണറായി വിജയന്‍. ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരെയും നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിഷയത്തില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് ശിവസേനക്കാരെ തടഞ്ഞില്ലെന്നും പിണറായി പറഞ്ഞു.
സ്ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചെന്നും പൊലീസിന്റേത് ഗുരുതര കുറ്റമാണെന്നും പിണറായി വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ കാപ്പ പ്രയോഗിക്കാനും തയ്യാറാണ്. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനക്ക് നല്‍കില്ലെന്നും പിണറായി പറഞ്ഞു.

സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു പിണറായി. പ്രതിപക്ഷത്ത് നിന്നും ഹൈബി ഈഡന്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കേരളത്തിന് ആകെ നാണക്കേട് ഉണ്ടായ സംഭവമാണ് ഇതെന്നും ഗുരുതരമായ ഈ സംഭവത്തില്‍ പൊലീസുകാരെ മാറ്റിയതുകൊണ്ട് മാത്രം പരിഹാരമാകില്ലെന്നും ശക്തമായ നടപടിയെടുക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസത്തില്‍ പൊലീസ് നടപടി എടുത്തില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കേരളത്തില്‍ വേരില്ലാത്ത കടലാസ് സംഘടനായാണ് ശിവസേനയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പത്ത് ഗുണ്ടകളാണ് ആക്രമണം നടത്തിയത്. അവര്‍ക്ക് എന്തിന്റെ പേരിലാണ് പൊലീസ് ഒത്താശ ചെയ്തതെന്നും ഹൈബി ഈഡന്‍ ചോദിച്ചു.


Dont Miss ശിവസേനയുടെ സദാചാര ഗുണ്ടായിസം നോക്കിനിന്ന സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു; എട്ട് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം 


ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ ഡ്രൈവിലേക്കു പ്രകടനമായെത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു.

എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി.ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മുന്‍കൂട്ടി അറിയിച്ചശേഷം ആസൂത്രിതമായാണു കയ്യില്‍ ചൂരല്‍വടിയുമായി ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടു നാലോടെ പ്രകടനമായി മറൈന്‍ഡ്രൈവിലെത്തിയത്.

പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറും പിടിച്ചിരുന്നു.

അനുമതി വാങ്ങാതെ നടത്തിയ പ്രകടനം മറൈന്‍ഡ്രൈവ് നടപ്പാതയില്‍ പ്രവേശിക്കുന്നതിനു മുന്‍പു തടയാനുള്ള നടപടി പൊലീസില്‍ നിന്നുണ്ടായില്ല. ചൂരലുകളുമായി എത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ പൊലീസ് നോക്കുകുത്തിയായി. മറൈന്‍ഡ്രൈവില്‍ വടക്കേ അറ്റത്തുള്ള അബ്ദുല്‍കലാം മാര്‍ഗ് നടപ്പാതയില്‍ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളാണ് അക്രമത്തിനിരകളായത്.

 

Advertisement