എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പിണറായിയെന്ന് അബ്ദുള്ളക്കുട്ടി
എഡിറ്റര്‍
Sunday 16th March 2014 1:17pm

abdullakkutty-22

കണ്ണൂര്‍ : സരിത എസ്. നായര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ.

ബംഗാള്‍ മോഡല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച പിണറായിയുടെ പരാമര്‍ശത്തെക്കുറിച്ച് തന്റെ വെളിപ്പെടുത്തലുകള്‍ക്കെതിരെ പക തീര്‍ക്കുകയാണെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് തന്നെ അകറ്റിനിര്‍ത്താനുള്ള ശ്രമമാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

ഇത്തരം നീക്കങ്ങളിലൂടെ തന്നെ അപമാനിക്കാന്‍ കഴിയുമെന്നും എന്നാല്‍ രാഷ്ട്രീയമായി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അബ്ദുള്ളക്കുട്ടി വീണ്ടും വ്യക്തമാക്കി.

ഒരു സ്ത്രീയ്‌ക്കൊപ്പം പൊന്‍മുടിയിലേക്ക് പോയെന്ന് നേരത്തെ തനിക്കെതിരെ ആരോപണം ഉന്നയിച്ചു. ജസീറയുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നു. ടി.പി ചന്ദ്രശേഖരനെതിരെ വരെ ലൈംഗിക ആരോപണം ഉന്നയിച്ചവരാണ് സി.പി.ഐ.എമ്മുകാരെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

സരിതയുടെ പരാതിയിന്‍മേല്‍ അബ്ദള്ളക്കുട്ടിയെ ഉടന്‍ അറസ്റ്റ്  ചെയ്യണമെന്നും എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തില്‍ പങ്കെടുക്കുവാന്‍ പയ്യാമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ എത്തിയ അബ്ദുള്ളക്കുട്ടിയെ  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു.

സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി  രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് അന്വേഷണ സംഘം തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Advertisement