എഡിറ്റര്‍
എഡിറ്റര്‍
വി.എസ്. ‘ഡാങ്കെ’ എന്നു വിളിച്ചതില്‍ ആരും വിഷമിക്കണ്ട: പിണറായി വിജയന്‍
എഡിറ്റര്‍
Sunday 13th May 2012 1:39pm

pinarayi-vijayan

നെയ്യാറ്റിന്‍കര: വി.എസ്. അച്യുതാനന്ദന്‍ തന്നെ ഡാങ്കെ എന്നു വിളിച്ചതില്‍ ആരും വിഷമിക്കണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നെയ്യാറ്റിന്‍കരയില്‍ ഇടതുമുന്നണി തെരെഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ എത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം ഇങ്ങനെ സംസാരിച്ചത്.

അതേസമയം വി.എസ്. ഇന്നലെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചോ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട വി.എസ്. അനുകൂല ഫ്‌ലക്‌സ് ബോര്‍ഡുകളെ കുറിച്ചോ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ‘ഇതിനൊക്കെ ഇന്നലെ ഞാന്‍ മറുപടി പറഞ്ഞതാണ്’ എന്നുമാത്രമേ അദ്ദേഹം പ്രതിവചിച്ചുള്ളു. ഇതിനിടയില്‍ വി.എസ്. താങ്കളെ ഡാങ്കെ എന്നു വിളിച്ചല്ലോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതിനു മറുപടിയായാണ് ‘അതില്‍ നിങ്ങള്‍ വിഷമിക്കണ്ട’ എന്ന് അദ്ദേഹം മറുപടി പറഞ്ഞത്. നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന്റെ നാരായ വേരറുക്കുമെന്നും പിണറായി വ്യക്തമാക്കി. ശെല്‍വ്വരാജ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സിലേയ്ക്ക് പോയ ഒരാളാണ്. പാര്‍ട്ടിയെ ചതിച്ച ആളാണ്. തന്റെ പ്രതിനിധി വഞ്ചകനോ എന്ന് അവിടുള്ളവര്‍ ചിന്തിക്കും. യു.ഡി.എഫിനോടുള്ള ജനങ്ങളുടെ വിരോധം ഇടതുപക്ഷത്തിനനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ തിരുവന്തപുരത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് വി.എസ്.അച്യുതാനന്ദന്‍ പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയില്‍ 64ന് സമാനമായ സാഹചര്യമാണെന്നും അന്ന് താനുള്‍പ്പടെ പാര്‍ട്ടിവിട്ട് വന്നവരെ ചൈനീസ് ചാരനെന്നും വര്‍ഗ്ഗ വഞ്ചകരെന്നും വിളിച്ച ഡാങ്കെയെ അന്നത്തെ സി.പി.ഐ തന്നെ പുറത്താക്കിയെന്നും വി.എസ് ഓര്‍മ്മിച്ചു. ചന്ദ്രശേഖരനെ കുലം കുത്തിയെന്നു വിളിച്ചത് പിണറായിയുടെ മാത്രം നിലപാടാണെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരു നിലപാടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. സി.പി.ഐ.എം കോണ്‍ഗ്രസ്സിനെ പോലെയോ ലീഗിനെ പോലെയോ ഉള്ള ഒരു പാര്‍ട്ടിയോ സെക്രട്ടറിയുടെ തീരുമാനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന പാര്‍ട്ടിയോ അല്ലെന്നും നയപരമായ കാര്യങ്ങളില്‍ കൂടിയാലോചിച്ചശേഷം മാത്രമേ പാര്‍ട്ടി അഭിപ്രായം പറയുകയുള്ളുവെന്നും വി.വി.ദക്ഷിണാമൂര്‍ത്തിക്ക് മറുപടിയായി വി.എസ് ഇന്നലെ തുറന്നടിച്ചിരുന്നു.

Advertisement