തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ മറച്ചുവെയ്ക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Ads By Google

മന്ത്രിസഭയിലിരിക്കുന്നവരുടെ മൂല്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കണമെന്നും ഗണേഷ് വിഷയത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം വെടിയണമെന്നും പിണറായി ആവശ്യപ്പെട്ടു

മന്ത്രിസഭയില്‍ ഇരിക്കുന്നവര്‍ മര്യാദകള്‍ പാലിക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കണം. ഉമ്മന്‍ ചാണ്ടി എന്തുകൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കാത്തതെന്നും പിണറായി ചോദിച്ചു.

ഗണേഷ് കുമാറിനെതിരെയുള്ള ആരോപണം വസ്തുതാപരമല്ലെങ്കില്‍ ചീഫ് വിപ്പ് പി. സി ജോര്‍ജിനെ ഒഴിവാക്കുകയാണ് വേണ്ടത്. അതിന് പകരം മുഖ്യമന്ത്രി കാര്യങ്ങള്‍ വക്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

മന്ത്രിമന്ദിരത്തില്‍ കയറി  മന്ത്രിയുടെ കാമുകിയുടെ ഭര്‍ത്താവ് കയ്യംകളി നടത്തിയെന്നാണ് മംഗളം പത്രം ഞായറാഴ്ച  റിപ്പോര്‍ട്ട് ചെയ്തത് . തനിക്കു ആരുടെയും തല്ലു കിട്ടിയിട്ടില്ല എന്നും  സദാ സമയം  പോലീസ്  കാവലുള്ള മന്ത്രിയുടെ വീട്ടില്‍ കയറി തല്ലാന്‍ കഴിയുമോ എന്നും ഗണേഷ് ചോദിക്കുന്നു.

വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത് ഗണേഷിനെ ആണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആണ് വെളിപ്പെടുത്തിയത്. നെല്ലിയാമ്പതി പ്രശ്‌നത്തില്‍  തന്റെ അജണ്ട നടപ്പാക്കാന്‍ പറ്റാതെ പോയ ജോര്‍ജ് ഗണേഷിനെ രാജി വെപ്പിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയതാണ്. കിട്ടിയ അവസരം ജോര്‍ജ് മുതലെടുത്തതാണെന്നും ഗണേഷ് പറയുന്നു.

ജോര്‍ജിന്റെ പ്രവര്‍ത്തിയെ ദൗര്‍ഭാഗ്യകരം എന്നതിന് അപ്പുറം യു.ഡി.എഫിലെ ആരും ഇതു വരെ വിമര്‍ശിച്ചിട്ടില്ല. കെ.എം മാണി അടക്കമുള്ള നേതാക്കളെല്ലാം വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് നോക്കുന്നത്.

അതേസമയം പാര്‍ട്ടിയെ ഈ പ്രശ്‌നത്തില്‍ വലിച്ചിഴക്കരുതെന്നാണ് ബാലകൃഷ്ണപിള്ളയുടെ അഭ്യര്‍ത്ഥന. ആരോപണവുമായി പാര്‍ട്ടിക്ക് ബന്ധമില്ല, എന്നാല്‍ ലഭിച്ച വിവരങ്ങള്‍ ആവശ്യമെങ്കില്‍ പറയാമെന്ന ഭീഷണിയും പിള്ളയുടെ പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്.