എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ചാണ്ടി ഭൂമാഫിയയുടെ സംരക്ഷകന്‍: പിണറായി വിജയന്‍
എഡിറ്റര്‍
Saturday 11th August 2012 1:11pm

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭൂമാഫിയയുടെ സംരക്ഷകനെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാട്ടക്കരാര്‍ ലംഘിച്ചവരില്‍ നിന്നും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഭൂമാഫിയകളുടെ സംരക്ഷകനായ ചീഫ് വിപ്പടക്കം യു.ഡി.എഫിലുള്ള ഒരു വിഭാഗം കയ്യേറ്റക്കാരെ സഹായിക്കുകയാണ്. ഇതൊന്നും ഞാനറിഞ്ഞില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ കള്ളക്കളി അവസാനിപ്പിക്കണം.

Ads By Google

ചീഫ് വിപ്പ് അവരുടെ പരസ്യവക്താവാണ്. ചീഫ് വിപ്പ് രംഗത്തുവരുമ്പോള്‍ അതിന്റെ പിന്നില്‍ മുഖ്യമന്ത്രിയുണ്ടാവുമോയെന്ന് സംശയിക്കേണ്ടി വരും. എല്ലാസമയത്തും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ചീഫ് വിപ്പ് രംഗത്തെത്താറുണ്ട്.

ഒന്നരവര്‍ഷമായി അധികാരത്തിലിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പ്രത്യക്ഷത്തില്‍ത്തന്നെ നിയമം അട്ടിമറിക്കാനാണ് മാഫിയ ശ്രമിക്കുന്നത്. യു.ഡി.എഫിലെ പ്രബലവിഭാഗം ഭൂമാഫിയയെ സഹായിക്കാന്‍ രംഗത്തുവരുന്നെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ ഉയര്‍ന്നുവരുന്ന ഭൂമാഫിയയുടെ സംരക്ഷകനായി മുഖ്യമന്ത്രി മാറുന്നു. ഇതിനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ ആരോപണമുന്നയിക്കുന്നു. പാട്ടഭൂമി മറിച്ചുവിറ്റാല്‍പ്പോലും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ചിലര്‍ക്ക് പാട്ടത്തിനുകൊടുത്തിട്ടുണ്ട്.

ലംഘിക്കാന്‍ പാടില്ലാത്ത വ്യക്തമായ വ്യവസ്ഥകളുണ്ട്. വ്യവസ്ഥ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് ഭൂമി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടണം. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടരുതെന്നാണ് പൊതു നിലപാട്. കര്‍ക്കശമായ നടപടി സ്വീകരിച്ച് ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന പങ്കാളിത്തപെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാരെ മാത്രമല്ല ബാധിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഭാരിച്ച പെന്‍ഷന്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പറയുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ്. ഒരു ക്ഷേമപെന്‍ഷനും നല്‍കാത്തവരാണ് യു.ഡി.എഫ്. ഇന്നുവരെ യു.ഡി.എഫ് ഏതെങ്കിലും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു.

Advertisement