തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസ് മുസ്‌ലിം ലീഗില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സമസ്ത പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ കണ്ടെത്തിയ കാര്യങ്ങളില്‍ മുനീര്‍ ഉറച്ച് നില്‍ക്കുകയാണ്.

വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് തന്നെ മുനീറിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. പാര്‍ട്ടിയുടെ ഉത്തരവാദത്തപ്പെട്ടവര്‍ തന്നെ ഇക്കാര്യം മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുനീറിന്റെ ബോധ്യം വെച്ചുകൊണ്ടാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത്.

ചാനലിനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടാണ് മുനീര്‍ ലാഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് പോയത്. പാര്‍ട്ടി സ്ഥാനം അല്ലെങ്കില്‍ ചാനല്‍ സ്ഥാനം എന്നാണ് യോഗം മുനീറിനോട് ആവശ്യപ്പെട്ടതെന്ന് പിന്നീട് വാര്‍ത്ത വന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് പിന്നീട് മുനീര്‍ രാജിക്കത്തുമായി പാണക്കാട്ടേക്ക് പോയത്.

തനിക്കെതിരെ നടന്ന ഗൂഢാലോചനയില്‍ മുനീറിന് പങ്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി തുറന്ന് പറഞ്ഞിരിക്കയാണ്. എപ്പോഴും പ്രതികരിക്കാത്ത സമസ്ത പോലുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതെന്ത്‌കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മുസ്‌ലിം ലീഗുമായി ഒട്ടിനില്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ഉദ്ദേശിച്ചാണ് പിണറായിയുടെ പ്രസ്താവനയെന്നാണ് സൂചന. സമസ്തയെ പേരെടുത്ത് പറഞ്ഞുകൊണ്ട് സി.പി.ഐ.എം സെക്രട്ടറി ആദ്യമായാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്.